തിരുവനന്തപുരം: സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി പാര്‍ട്ടിയില്‍ പരസ്യ കലാപമുയര്‍ത്തിയ സി.ദിവാകരനെയും കെ.ഇ. ഇസ്‌മായിലിനെയും വേദിയിലിരുത്തി ഔദ്യോഗിക പക്ഷത്തിന്‍റെ കടന്നാക്രമണത്തോടെ സി.പി.ഐ 24-ാം സംസ്ഥാന സമ്മേളനത്തിന് തുടക്കം. ദേശീയ കണ്‍ട്രോള്‍ കമ്മിഷന്‍ അധ്യക്ഷന്‍ പന്ന്യന്‍ രവീന്ദ്രന്‍ പതാകയുയര്‍ത്തി. പതിവിന് വിപരീതമായി ആദ്യ ദിനം പൊതുസമ്മേളനത്തോടെയാണ് സംസ്ഥാന സമ്മേളനം തുടങ്ങിയത്.
മറുപടി നിറച്ച് കാനം രാജേന്ദ്രന്‍റെ ഉദ്ഘാടന പ്രസംഗം: പാര്‍ട്ടിയില്‍ ഇപ്പോള്‍ ഉണ്ടായ വിവാദങ്ങള്‍ക്ക് പിന്നില്‍ ആരെന്ന് താന്‍ പറയുന്നില്ലെന്ന് കെ.ഇ. ഇസ്‌മായിലിനെയും സി.ദിവാകരനെയും വേദിയിലിരുത്തി സമ്മേളനം ഉദ്ഘാടനം ചെയ്‌ത് കാനം രാജേന്ദ്രന്‍ പറഞ്ഞു. ഇതൊക്കെ ബൂര്‍ഷ്വ മാധ്യമങ്ങളുടെ ബോധപൂര്‍വ്വമായ പ്രചാരണമാണ്. പക്ഷേ ഇതിനെയെല്ലാം അതിജീവിച്ച് സി.പി.ഐ മുന്നോട്ടു പോകും.
സി.പി.ഐയില്‍ വിഭാഗീയതയുണ്ടെന്നും അവര്‍ തമ്മില്‍ മത്സരമുണ്ടെന്നും വരുത്താന്‍ ചിലര്‍ ശ്രമിക്കുകയാണ്. ചര്‍ച്ചയില്‍ 40 പേര്‍ പറയുന്ന അഭിപ്രായ ഐക്യത്തിനല്ല, ഒരാള്‍ പറയുന്ന വ്യത്യസ്ത അഭിപ്രായത്തിനാണ് ചില മാധ്യമങ്ങള്‍ പ്രാധാന്യം നല്‍കുന്നത്. പാര്‍ട്ടി ഒരു തീരുമാനമെടുത്താല്‍ സി.പി.ഐ അടി മുതല്‍ മുടി വരെ ഒറ്റക്കെട്ടായി നില്‍ക്കുമെന്ന് പ്രായ പരിധി മാനദണ്ഡത്തിനെതിരെ പരസ്യ നിലപാടെടുത്ത ഇസ്‌മായിലിനും സി.ദിവാകരനും കാനം പരോക്ഷമായി മറുപടി നല്‍കി.
സി.പി.ഐയില്‍ താന്‍ കാനത്തിനെക്കാള്‍ സീനിയറാണെന്ന സി.ദിവാകരന്‍റെ അവകാശവാദത്തിനും കാനം മറുപടി നല്‍കി. 1971ല്‍ തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സമ്മേളനത്തിലാണ് താന്‍ ആദ്യമായി സംസ്ഥാന സമിതി അംഗമായതെന്ന് കാനം പറഞ്ഞു. അന്ന് തന്നോടൊപ്പം സംസ്ഥാന സമിതി അംഗമായവരാണ് ഇന്ന് വേദിയിലുള്ള കെ.ഇ. ഇസ്‌മായിലും വി. ചാമുണ്ണിയുമെന്ന് കാനം പറഞ്ഞതോടെ പാര്‍ട്ടിയില്‍ താനാണ് സീനിയര്‍ എന്ന ദിവാകരന്‍റെ ആവകാശവാദത്തിന്‍റെ മുന അദ്ദേഹം പരസ്യമായി തന്നെ ഒടിച്ചു.
കാനത്തിന് പിന്തുണ: സമ്മേളനത്തിന് സ്വാഗതം പറഞ്ഞ സി.പി.ഐ തിരുവനന്തപുരം ജില്ല സെക്രട്ടറി മാങ്കോട് രാധാകൃഷ്‌ണനും അധ്യക്ഷത വഹിച്ച സ്വാഗത സംഘം ചെയര്‍മാന്‍ മന്ത്രി ജി.ആര്‍ അനിലും ഇരുവരെയും പേരെടുത്ത് പറയാതെ കടന്നാക്രമിച്ചു. പാര്‍ട്ടിയില്‍ വിവാദങ്ങളുണ്ടാക്കിയവര്‍ക്ക് ഒക്ടോബര്‍ 3 ന് സമ്മേളനം കഴിയുമ്പോള്‍ നിരാശരാകേണ്ടി വരുമെന്ന് മാങ്കോട് രാധാകൃഷ്‌ണനും ഈ പാര്‍ട്ടിയില്‍ ഏതെങ്കിലും ഒരു തീരുമാനമെടുത്താല്‍ അതിനെ വെല്ലുവിളിക്കാന്‍ പാര്‍ട്ടിയില്‍ ആരുമുണ്ടാകില്ലെന്ന് മന്ത്രി ജി.ആര്‍. അനിലും പറഞ്ഞു.
ശനിയാഴ്‌ച നടക്കുന്ന പ്രതിനിധി സമ്മേളനം ജനറല്‍ സെക്രട്ടറി ഡി.രാജ ഉദ്ഘാടനം ചെയ്യും. ഒക്‌ടോബര്‍ 3ന് പുതിയ സംസ്ഥാന സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നതോടെ സംസ്ഥാന സമ്മേളനം അവസാനിക്കും.