തിരുവനന്തപുരം : 2019 ല്‍ രാഹുല്‍ ഗാന്ധിക്ക് ബിജെപിക്ക് മുന്നില്‍ തല ഉയര്‍ത്തി നില്‍ക്കാന്‍ സഹായിച്ചത് നമ്മുടെ കൊച്ചു കേരളത്തിലെ വയനാട് ലോക്‌സഭ മണ്ഡലമാണ്. മണ്ഡലം രൂപീകരിച്ച ശേഷം കോണ്‍ഗ്രസിന്‍റെ ഉറച്ച കോട്ടയായി തുടരുന്നതാണ് ഈ മണ്ഡലം തെരഞ്ഞെടുക്കാന്‍ രാഹുലിനെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
വയനാട് വന്‍ ഭൂരിപക്ഷം നല്‍കി രാഹുലിനെ നെഞ്ചേറ്റിയെന്നു മാത്രമല്ല, രാഹുല്‍ ഗാന്ധി (Rahul Gandhi) വയനാട്ടില്‍ മത്സരത്തിനെത്തിയത് കേരളത്തിലുടനീളം 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനു തരംഗം തന്നെ സൃഷ്‌ടിച്ചിരുന്നു. 20 ല്‍ 19 സീറ്റിലും യുഡിഎഫിന് (UDF) വന്‍ വിജയം ലഭിച്ചുവെന്ന് മാത്രമല്ല, പാർട്ടിയുടെ ബാലികേറാമലയായ മണ്ഡലങ്ങളുള്‍പ്പെടെ രാഹുല്‍ തരംഗത്തില്‍ ജയിച്ചു കയറി.
ശബരിമല സ്ത്രീ പ്രവേശന വിഷയം ആളിക്കത്തിച്ച് കേരളത്തില്‍ നിന്ന് പാര്‍ലമെന്‍റിലേക്ക് അക്കൗണ്ട് തുറക്കാമെന്ന ബിജെപിയുടെ മോഹങ്ങളെ കൂടിയാണ് രാഹുല്‍ തല്ലിക്കെടുത്തിയത്. എല്‍ഡിഎഫിനേക്കാളുപരി, യുഡിഎഫിന്‍റെ അവിശ്വസനീയ വിജയം ഞെട്ടിച്ചത് ബിജെപി സംസ്ഥാന നേതൃത്വത്തെയായിരുന്നു. തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, തൃശൂര്‍ മണ്ഡലങ്ങളില്‍ ഉറപ്പായും ജയം പ്രതീക്ഷിച്ചിരുന്ന ബിജെപിക്ക് രാഹുല്‍ ഇഫക്‌ട് വിശ്വസിക്കാനാകാത്ത തിരിച്ചടിയായിരുന്നു.
2019 ലെ വയനാട് ലോക്‌സഭ മണ്ഡലം തെരഞ്ഞെടുപ്പ് ഫലമിങ്ങനെ:
രാഹുല്‍ ഗാന്ധി (കോണ്‍ഗ്രസ്) - 7,06,367 (64.64%)
പിപി സുനീര്‍ (സിപിഐ) - 2,74,597 (25.13%)
തുഷാര്‍ വെള്ളാപ്പള്ളി (എന്‍ഡിഎ) - 78,816 (7.2%)
രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം - 4,31,770
ഇക്കുറിയും രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്നു തന്നെ ലോക്‌സഭയിലേക്കു ജനവിധി തേടുമോ എന്ന ചര്‍ച്ചകള്‍ രാഷ്ട്രീയ, മാധ്യമ ഇടങ്ങളില്‍ ഉയര്‍ന്നു കഴിഞ്ഞു. രാഹുലോ കോണ്‍ഗ്രസ് ദേശീയ നേതൃത്വമോ മനസു തുറന്നിട്ടില്ലെങ്കിലും കേരളത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ തയ്യാറെടുക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥികളും സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വവും രാഹുല്‍ ഒരിക്കല്‍ കൂടി കേരളത്തില്‍ നിന്നു മത്സരിക്കണമെന്ന ആഗ്രഹം മറച്ചു വയ്ക്കുന്നില്ല.
ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഐഐസിസി നേതൃത്വവും രാഹുല്‍ ഗാന്ധിയുമായിരിക്കും തീരുമാനിക്കുക. എങ്കിലും കേരളത്തില്‍, പ്രത്യേകിച്ചും വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നതിലെ അനൗചിത്യം ഉയര്‍ത്തി രാഹുല്‍ കേരളത്തില്‍ മത്സരിക്കരുതെന്ന ആവശ്യം ശക്തമാക്കുകയാണ് സിപിഐ (CPI Kerala on Rahul Gandhi contesting from Wayanad constituency in Lok Sabha election). വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കുന്നത് സിപിഐ ആണ്.
എല്‍ഡിഎഫ് ഘടകകക്ഷി എന്ന നിലയില്‍ തിരുവനന്തപുരം, മാവേലിക്കര, തൃശൂര്‍ കഴിഞ്ഞാല്‍ സിപിഐ ലോക്‌സഭയിലേക്ക് ജനവിധി തേടുന്ന മണ്ഡലം കൂടിയാണ് വയനാട്. കോണ്‍ഗ്രസ് മുന്‍കൈ എടുത്ത് അഖിലേന്ത്യ തലത്തില്‍ രൂപീകരിച്ചിട്ടുള്ള ഇന്ത്യ മുന്നണിയില്‍ (India Bloc) സിപിഐ അംഗമായിക്കഴിഞ്ഞു. അപ്പോള്‍ വയനാട്ടില്‍ കോണ്‍ഗ്രസും സിപിഐയും നേര്‍ക്കുനേര്‍ പോരാടുന്നത് ദേശീയ തലത്തില്‍ ബിജെപി (BJP) ആയുധമാക്കുമെന്നു മാത്രമല്ല, അത് മുന്നണി മര്യാദയുടെ ലംഘനം കൂടിയാണെന്ന് ചൂണ്ടിക്കാട്ടുകയാണ് സിപിഐ കേരള ഘടകം.
സംസ്ഥാന സെക്രട്ടറിയായി പുതുതായി ചുമതലയേറ്റ, സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം കൂടിയായ ബിനോയ് വിശ്വം (CPI Kerala State Committee secretary Binoy Viswam) ഇക്കാര്യം പാര്‍ട്ടി ദേശീയ നേതൃത്വം തന്നെ ഉയര്‍ത്തുമെന്ന് ചൂണ്ടിക്കാട്ടുകയാണ്. മാത്രമല്ല, അടുത്തിടെ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ തെലങ്കാനയില്‍ കോണ്‍ഗ്രസ് സഖ്യത്തില്‍ മത്സരിച്ച സിപിഐ ഒരു സീറ്റ് നേടിയിരുന്നു. സഖ്യ ചര്‍ച്ചകള്‍ക്ക് ദേശീയ നേതൃത്വത്തിന്‍റെ നിര്‍ദേശ പ്രകാരം കോണ്‍ഗ്രസുമായുള്ള ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിച്ചതും ബിനോയ് വിശ്വമായിരുന്നു.
പൊതുവേ കോണ്‍ഗ്രസുമായി (Congress) മെച്ചപ്പെട്ട ബന്ധമാണ് ദേശീയ തലത്തില്‍ സിപിഐക്കുള്ളതും. രാഹുല്‍ ഉത്തരേന്ത്യയില്‍ നിന്ന് ജനവിധി തേടാത്തതിന്‍റെ ദുരന്തമാണ് കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഉണ്ടായതെന്നും ബിനോയ് ചൂണ്ടിക്കാട്ടുന്നു. അതോടൊപ്പം സംസ്ഥാനത്തെ സിപിഎം നേതൃത്വവും രാഹുല്‍ മത്സരിക്കുന്നതിലെ അനൗചിത്യം ചൂണ്ടിക്കാട്ടുന്നു.
മാത്രമല്ല, കേരളത്തില്‍ മാത്രം സാധ്യതയുള്ള സിപിഎമ്മിന് മറ്റൊരു ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കൂടി സംസ്ഥാനത്തു നിന്ന് രാഹുല്‍ മത്സരിക്കുന്നതുളവാക്കുന്ന നഷ്‌ടത്തിന്‍റെ തോത് നന്നായി അറിയുകയും ചെയ്യാം. അതേ സമയം പൊരുതുക അല്ലെങ്കില്‍ മരിക്കുക എന്ന ലക്ഷ്യം മാത്രം മുന്നിലുള്ള 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യത്തെ മുന്നില്‍ നയിക്കുന്ന രാഹുല്‍ ഗാന്ധി അതീവ രാഷ്ട്രീയ പ്രാധാന്യമുള്ള ഒരു ലോക്‌സഭ മണ്ഡലമാകും മത്സരത്തിനു തെരഞ്ഞെടുക്കുക എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നുത്. അവിടെ വയനാടിന്‍റെ രാഷ്ട്രീയ പ്രാധാന്യം എത്രയെന്നത് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസ് ദേശീയ നേതൃത്വമാണ്. അതനുസരിച്ചാകും വയനാട്ടിലെ രാഹുലിന്‍റെ സ്ഥാനാര്‍ഥിത്വവും.
Also read: ലക്ഷ്യം 20 സീറ്റ്, ഇടതുപക്ഷ എംപിമാര്‍ ലോക്‌സഭയിലെത്തണം; ബിനോയ് വിശ്വം