സീറ്റുവിഭജനത്തിനായുള്ള ഇടതുമുന്നണിയിലെ ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ഇന്നു തുടക്കമാകും. രാവിലെ എ.കെ.ജി സെന്ററില് സി.പി.എം- സി.പി.ഐ നേതാക്കള്‍ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ആദ്യം. ഒരാഴ്ചക്കുള്ളില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കുകയും, തിങ്കളാഴ്ച ചേരുന്ന ഇടതുമുന്നണി യോഗത്തില്‍ സീറ്റുവിഭജനത്തില്‍ ധാരണയുണ്ടാക്കാനുമാണ് നേതൃത്വത്തിന്റെ ശ്രമം.
കോട്ടയം സീറ്റ് ജനതാദള്‍ എസില്‍ നിന്നും തിരിച്ചുപിടിക്കണമെന്ന ആവശ്യം സി.പി.എമ്മിലും ശക്തമാണ്. ഇതുള്‍പ്പെടെ മുന്നണിയിലെ ആകെ സീറ്റുവിഭജനത്തില്‍ പ്രാഥമിക ധാരണ സി.പി.എം–സി.പി.ഐ ഉഭയകക്ഷി ചര്‍ച്ചയിലുണ്ടാകണമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചില മണ്ഡലങ്ങളില്‍ പൊതുസ്വീകാര്യതയുള്ളവരെ സ്വതന്ത്രരായി മല്‍സരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സി.പി.എം. ഇക്കാര്യത്തിലും ഘടകകക്ഷികളുടെ അഭിപ്രായം തേടും.
പതിനാലിന് മേഖലാജാഥകള്‍ ആരംഭിച്ചാല്‍ തുടര്‍ചര്‍ച്ചകള്‍ മാര്‍ച്ച് ആദ്യവാരമേ സാധ്യമാകൂ. അതുകൊണ്ട് എത്രയും വേഗം ഘടകകക്ഷികളുമായി ധാരണയിലെത്താനാണ് മുന്നണി നേതൃത്വത്തിന്റെ ലക്ഷ്യം. തിരുവനന്തപുരം, മാവേലിക്കര, തൃശൂര്‍, വയനാട് സീറ്റുകളിലാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സി.പി.ഐ മല്‍സരിച്ചത്. ഇത്തവണ സീറ്റെണ്ണം കുറയില്ലെങ്കിലും, ഏതെങ്കിലും മണ്ഡലം വെച്ചുമാറുമോ എന്നാണ് ഉഭയകക്ഷി ചര്‍ച്ചയെ ശ്രദ്ധേയമാക്കുന്നത്.