തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതൽ കൊവിഡ് ചികിത്സ വീടുകളിലും. കർശന നിബന്ധനകളോടെയാണ് ആരോഗ്യ വകുപ്പ് വീടുകളിലും ചികിത്സ ആകാം എന്ന നിർദേശം സംസ്ഥാനവ്യാപകമായി അനുവദിക്കുന്നത്. രോഗലക്ഷണങ്ങൾ ഇല്ലാതെ പോസിറ്റീവായവരെയും റിവേഴ്സ് ക്വാറന്‍റൈൻ പ്രായപരിധിയിൽ ഇല്ലാത്തവരെയുമാണ് വീടുകളിൽ ചികിത്സയിൽ കഴിയുന്നതിന് അനുവദിക്കുക. ഇതിനായി ജില്ലാ മെഡിക്കൽ ഓഫീസർ രോഗം ഗുരുതരമല്ലെന്ന് സാക്ഷ്യപ്പെടുത്തണം.
കൊവിഡ് പോസിറ്റീവ് ആയ വ്യക്തി നിർബന്ധമായും റൂം ക്വാറന്‍റൈൻ പാലിക്കണം, പത്താം ദിവസം ആരോഗ്യവകുപ്പിൻ്റെ ആംബുലൻസിൽ പരിശോധനയ്ക്ക് വിധേയമാകണം തുടങ്ങിയ നിബന്ധനകളോടെയാണ് വീടുകളിലെ ചികിത്സ. സംസ്ഥാനത്തെ രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നിർദേശം ആരോഗ്യവകുപ്പ് അംഗീകരിച്ചിരിക്കുന്നത്.