തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് വെള്ളറട ഗ്രാമപഞ്ചായത്തില്‍ പത്ത് വാര്‍ഡുകള്‍ കണ്ടെയ്‌മെന്‍റ് സോണാക്കി. പൊലീസും ആരോഗ്യവകുപ്പും പ്രദേശത്ത് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. വെള്ളറട, കൃഷ്‌ണപുരം, പഞ്ചാകുഴി പനച്ചമൂട്, മണതോട്ടം, പൊന്നമ്പി, മാനൂർ, കിളിയൂർ, ആറാട്ടുകുഴി തുടങ്ങിയ വാർഡുകളാണ് പുതിയതായി കണ്ടെയ്‌മെന്‍റ് സോണുകളാക്കിയത്. പ്രദേശത്തേക്കുള്ള ഗതാഗതവും നിയന്ത്രിച്ചിട്ടുണ്ട്. സംസ്ഥാനപാതയിലെ മലയിൻകാവ്, ആനപ്പാറ എന്നീ പ്രദേശങ്ങളിലും കിളിയൂർ ജങ്‌ഷനിലും പൊലീസ് ഗതാഗതം ബാരിക്കേഡ് വച്ച് നിയന്ത്രിച്ചിട്ടുണ്ട്.
നെയ്യാറ്റിൻകര, കാട്ടാക്കട ഡിപ്പോകളിൽ നിന്ന് ബസ് സർവീസുകളുണ്ടെങ്കിലും കണ്ടെയ്‌ന്‍മെന്‍റ് സോണുകളിൽ ബസ് നിർത്തില്ല. പാറശാല, കുന്നത്തുകാൽ, വെള്ളറട, അമ്പൂരി, കാരോട് തുടങ്ങിയ സംസ്ഥാന അതിർത്തി പങ്കിടുന്ന ഗ്രാമപഞ്ചായത്തുകളിൽ രോഗവ്യാപനം ദിനംപ്രതി വർധിച്ചുവരികയാണ്.