തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ കൊവിഡ് അതിരൂക്ഷ വ്യാപനം സെക്രട്ടേറിയറ്റിന്‍റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കിടയില്‍ വ്യാപകമായി കൊവിഡ് പടരുകയാണ്. ഇന്ന് നടത്തിയ പരിശോധനയില്‍ 76 സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടേയും ഓഫിസിലാണ് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസ് ഭാഗികമായി അടച്ചു. സന്ദര്‍ശകര്‍ക്കടക്കം നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ദിനേശന്‍ പുത്തലത്ത് അടക്കമുള്ളവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ പലര്‍ക്കും രണ്ടാമത്തെ പ്രാവശ്യമാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്.
ആരോഗ്യമന്ത്രി വീണ ജോർജിന്‍റെ ഓഫിസിനേയും കൊവിഡ് കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. ആരോഗ്യമന്ത്രിയുടെ ഓഫിസിന്‍റെ പ്രവര്‍ത്തനം ഭാഗികമായി നിര്‍ത്തിയിട്ടുണ്ട്. ദേവസ്വം, വനം മന്ത്രിമരുടെ ഓഫിസിലും കൊവിഡ് വ്യാപനം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സെക്രട്ടേറിയറ്റില്‍ നിയന്ത്രണം കര്‍ശനമാക്കി.
സെക്രട്ടേറിയറ്റിന്‍റെ പ്രവര്‍ത്തനത്തിലും എത്തുന്ന ജീവനക്കാരുടെ എണ്ണത്തിലും നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്. സെക്രട്ടേറിയറ്റിലെ സെന്‍ട്രല്‍ ലൈബറി അടച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫിസ് പ്രവര്‍ത്തിക്കുന്ന സെക്രട്ടേറിയറ്റിലെ നോര്‍ത്ത് ബ്ലോക്കിലെ മൂന്നാം നിലയിലെ ജീവനക്കാര്‍ക്ക് ജോലിക്കെത്തേണ്ടെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
തലസ്ഥാനത്തെ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കിടയിലും പൊലീസുകാര്‍ക്കിടയിലും കൊവിഡ് വ്യാപനം രൂക്ഷമായിട്ടുണ്ട്. 80 കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കാണ് ഇന്നലെ മാത്രം കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കെ.എസ്.ആര്‍.ടി.സിയുടെ സർവീസുകളെ ബാധിക്കുന്ന സ്ഥിതിയാണ്. സർവീസ് എങ്ങനെ തുടരണമെന്ന കാര്യത്തില്‍ പരിശോധന തുടരുകയാണ്.
ശബരിമല ഡ്യൂട്ടി കഴിഞ്ഞെത്തിയ പൊലീസുകാര്‍ക്കിടയിലാണ് കൊവിഡ് അധികമായി റിപ്പോര്‍ട്ട് ചെയ്യുന്നത്. തലസ്ഥാനത്തെ കോളജുകളിലും കൊവിഡ് വ്യാപനം രൂക്ഷമായിട്ടുണ്ട്. പ്രഫഷണല്‍ കോളജുകളിലടക്കം 12ലധികം ആക്‌ടീവ് കൊവിഡ് ക്ലസ്റ്ററുകളാണ് തിരുവനന്തപുരത്തെ കോളജുകളില്‍ നിലനില്‍ക്കുന്നത്. കടുത്ത നിയന്ത്രണങ്ങള്‍ ആവശ്യമായ തലത്തിലേക്കാണ് തലസ്ഥാന ജില്ലയിലെ കൊവിഡ് വ്യാപനം പോകുന്നത്.
Also Read: കൊവിഡ് കുറയുന്നു; രാജ്യത്ത് 24 മണിക്കൂറിൽ 2.38 ലക്ഷം രോഗികൾ