തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചു. ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സർവീസുകൾ മാത്രം അനുവദിക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. സർക്കാർ സ്വകാര്യ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാരെ മാത്രം അനുവദിക്കും. സർക്കാർ ഓഫീസുകൾക്ക് ശനിയാഴ്‌ച അവധിയായിരിക്കും. വാക്‌സിനേഷൻ കേന്ദ്രത്തിലെ തിരക്ക് ഒഴിവാക്കാൻ വാക്‌സിൻ വിതരണം പൂർണമായും ഓൺലൈൻ രജിസ്റ്റർ സംവിധാനത്തിലേക്ക് മാറ്റും. വർക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കാനും യോഗത്തിൽ തീരുമാനമായി.
കൂടാതെ വിദ്യാഭ്യാസം പൂർണമായും ഓൺലൈനായി മാത്രം നടത്തും. രജിസ്റ്റർ ചെയ്‌തവർക്ക് മാത്രം വാക്‌സിൻ നൽകാനും സ്വകാര്യ ട്യൂഷൻ അടക്കം നിർത്തിവയ്ക്കാനും തീരുമാനിച്ചു. കൊവിഡ് വ്യാപനം രൂക്ഷമായ പ്രദേശങ്ങളിലെ ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കില്ല. നിയന്ത്രണം ഏർപ്പെടുത്തിയ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ രാത്രി 7.30 വരെയാകും. കണ്ടെയ്‌ൻമെന്‍റ് സോണുകൾക്ക് പുറത്തുള്ള വ്യാപാര സ്ഥാപനങ്ങൾക്ക് രാത്രി ഒമ്പത് മണി വരെ പ്രവർത്തിക്കാം.
പ്രതിരോധ പ്രവർത്തനങ്ങളും പരിശോധനയും പരമാവധി വർധിപ്പിക്കാനും ഉന്നതതല യോഗം നിർദേശിച്ചു. 70 വയസിന് മുകളിലുള്ളവർക്ക് മരുന്നുകൾ വീടുകളിൽ എത്തിക്കും. കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്നാണ് മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചത്. ഒരു മണിക്കൂർ നീണ്ട യോഗത്തിൽ കേരളത്തിലെ നിലവിലെ സ്ഥിതി വിശദമായി ചർച്ച ചെയ്‌തു. യോഗത്തിലെ തീരുമാനങ്ങൾ വിശദമാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകുന്നേരം ആറ് മണിക്ക് മാധ്യമങ്ങളെ കാണും.