തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ഇന്ന് 4805 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഒരാഴ്ചയ്ക്കിടെ മൂന്നാം തവണയാണ് രോഗ ബാധിതര്‍ 4000 കടക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 30000 കടന്നു.
ഏറ്റവും കൂടുതല്‍ രോഗികള്‍ എറണാകുളം, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലാണ്. ഇന്നലെ 242 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ആലപ്പുഴയില്‍ ഇന്ന് രോഗ ബാധിതരുടെ എണ്ണം 985 ആയി ഉയര്‍ന്നു. എറണാകുളത്തും തിരുവനന്തപുരത്തും 900 മുകളില്‍ രോഗ ബാധിതരുണ്ട്. ഏഴ് കൊവിഡ് മരണമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്‌തത്.
എറണാകുളം തിരുവനന്തപുരം ജില്ലകളില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. പ്രായമായവരിലും മറ്റ് രോഗമുള്ളവരിലും വാക്‌സിന്‍ എടുക്കാത്തവരിലുമാണ് കൂടുതലും രോഗം ഗുരുതരമാകുന്നത്.
സ്‌കൂള്‍ തുറന്ന സാഹചര്യത്തില്‍ കുട്ടികളെയും ശ്രദ്ധിക്കേണ്ടതാണെന്നും കൃത്യമായി മാസ്‌ക് ധരിപ്പിച്ച് മാത്രം സ്‌കൂളില്‍ വിടണമെന്നും, 12 വയസിന് മുകളിലുള്ള എല്ലാ കുട്ടികള്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കണമെന്നും നിര്‍ദേശമുണ്ട്.