തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് റാപിഡ് ടെസ്റ്റ് നാളെ മുതൽ. സാമൂഹ്യ വ്യാപന ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ആന്‍റിബോഡി ദ്രുത പരിശോധന നടത്താൽ ആരോഗ്യ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. നാളെ മുതൽ സംസ്ഥാനത്ത് ദ്രുത പരിശോധന തുടങ്ങും. അരോഗ്യ പ്രവർത്തകർ, പൊതുപ്രവർത്തകർ തുടങ്ങി സാമൂഹികമായി ഇടപെടുന്ന മുൻഗണനാ വിഭാഗത്തിലാകും ദ്രുത പരിശോധന വ്യാപകമായി നടത്തുക. ഇതുകൂടാതെ കണ്ടെയ്‌ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ച ഇടങ്ങളിലും ദ്രുത പരിശോധന നടത്തും. പ്രായമായവർ, ശ്വാസകോശ സംബന്ധമായ അസുഖം ഉള്ളവർ, പനിയോ മറ്റ് ലക്ഷണങ്ങളോ ഉള്ളവർ എന്നിങ്ങനെയാണ് പരിശോധനയ്ക്ക് മുന്‍ഗണന നല്‍കുന്നത്.
ഉറവിടം അറിയാത്ത മുപ്പതോളം കൊവിഡ് കേസുകളാണ് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ റിപ്പോർട്ട് ചെയ്തത്. ഇതുകൂടാതെ സമ്പർക്കത്തിലൂടെ രോഗം പകരുന്നവരുടെ എണ്ണവും വർധിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് റാപ്പിഡ് ടെസ്റ്റ് നടചത്തുന്നത്. എച്ച്എൽഎല്ലിന്‍റെ ടെസ്റ്റ് കിറ്റുകളാണ് കേരളം ഉപയോഗിക്കുക. ഐസിഎംആർ ആണ് കിറ്റുകൾ സംസ്ഥാനത്തിന് കൈമാറിയത്. വരുന്ന അഴ്ച 15,000 ടെസ്റ്റുകൾ നടത്താനാണ് ആരോഗ്യ വകുപ്പിന്‍റെ ശ്രമം. വരും ആഴ്ചകളിൽ 40,000 കിറ്റുകള്‍ കൂടി ലഭിക്കും. രക്തത്തിൽ കൊവിഡിനെതിരായ ആന്‍റിബോഡി രൂപപ്പെട്ടിട്ടുണ്ടോ എന്നാണ് റാപ്പിഡ്ടെസ്റ്റിലൂടെ പരിശോധിക്കുന്നത്. 15 മിനിറ്റിനുള്ളിൽ തന്നെ ഫലം അറിയാൻ കഴിയും. റാപ്പിഡ്‌ടെസ്റ്റിൽ പോസിറ്റീവ് ആകുന്നവരുടെ സ്രവ പരിശോധനയായ പിസിആർ ടെസ്റ്റ് നടത്തിയാകും അന്തിമ പരിശോധനാഫലം പ്രഖ്യാപിക്കുക. സമൂഹ വ്യാപനം നടന്നിട്ടുണ്ടോ എന്ന് ദ്രുത പരിശോധനയിലൂടെ കണ്ടെത്താം എന്നാണ് ആരോഗ്യവകുപ്പ് കണക്കാക്കുന്നത്. ദിവസേനയുള്ള സ്രവ പരിശോധനയും സംസ്ഥാനം വർധിപ്പിച്ചിട്ടുണ്ട്. മൂവായിരത്തിലധികം ടെസ്റ്റുകളാണ് ദിവസവും സംസ്ഥാനത്ത് നടക്കുന്നത്. വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് എത്തുന്നവരുടെ എണ്ണം വർദ്ധിച്ചതിനെ തുടർന്നാണ് സംസ്ഥാനം പരിശോധന വർധിപ്പിച്ചത്. സംസ്ഥാനത്ത് ഇതുവരെ 1,07,796 സാമ്പിളുകളാണ് പരിശോധിച്ചത്.