തിരുവനന്തപുരം : ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒക്‌ടോബര്‍ നാലിന് തുറക്കുമ്പോള്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകള്‍, സാങ്കേതിക സര്‍വകലാശാലകള്‍, പോളിടെക്‌നിക്കുകള്‍ എന്നിവിടങ്ങളിലെ അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദു ഇ.ടി.വി ഭാരതിനോട്.
സാമൂഹ്യ അകലം പാലിക്കല്‍, മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കേണ്ടതിന്‍റെ അനിവാര്യത തുടങ്ങിയവ സംബന്ധിച്ച് കോളജ് തുറക്കുന്ന ആദ്യ ദിവസം തന്നെ ഓറിയന്‍റേഷന്‍ ക്ലാസുകള്‍ സംഘടിപ്പിക്കും.
കോളജുകളില്‍ സാനിറ്റൈസര്‍, തെര്‍മല്‍ സ്‌കാനര്‍ എന്നിവ നിര്‍ബന്ധമാണെന്ന് സ്ഥാപന മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ക്ളാസുകള്‍, ലാബുകള്‍, സെമിനാര്‍ ഹാളുകള്‍ എന്നിവ അണുവിമുക്തമാക്കും.
ALSO READ: മോന്‍സണ്‍ മാവുങ്കലിനെതിരെ ഇടുക്കിയില്‍ കൂടുതല്‍ പരാതികള്‍
90 ശതമാനം കുട്ടികള്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. കുത്തിവയ്പ്പ് എടുക്കാത്ത കുട്ടികള്‍ക്കായി കോളജ് തുറന്നതിന് ശേഷം വാക്‌സിന്‍ യജ്ഞം നടത്താന്‍ സ്ഥാപന മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കുട്ടികള്‍ സുരക്ഷിത അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ കോളജ് തലത്തില്‍ കൊവിഡ് ജാഗ്രത സമിതികള്‍ രൂപീകരിക്കും.
സൗകര്യപ്രദമായ മൂന്ന് സമയക്രമങ്ങള്‍ ഉള്‍പ്പെടുത്തി ക്ലാസ് നടത്താന്‍ സഥാപാന മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഉന്നത വിദ്യാഭ്യാസമന്ത്രി പ്രൊഫ. ആര്‍. ബിന്ദു ഇ.ടി.വി ഭാരതിനോട് പറഞ്ഞു.