തിരുവനന്തപുരം: വിദേശത്ത് നിന്ന് ചാർട്ടേഡ് വിമാനങ്ങളില്‍ എത്തുന്നവർക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന സർക്കാർ നിർദേശം പിൻവലിക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. നിർദേശം അപ്രായോഗികമാണെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. പ്രവാസികൾക്ക് സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതാണ് ഉത്തരവ്. സർക്കാർ നിർദേശം പ്രവാസികൾക്കിടയില്‍ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി.

കൊവിഡിനെ തുടർന്ന് വിദേശ രാജ്യങ്ങളില്‍ നിന്നും രണ്ട് ലക്ഷത്തിലധികം ആളുകൾ കേരളത്തിലേക്ക് വരാൻ കാത്ത് നില്‍ക്കുകയാണ്. ഇതുവരെ 15 ശതമാനം പേരെ മാത്രമേ നാട്ടിലേക്ക് എത്തിക്കാൻ കഴിഞ്ഞിട്ടുള്ളൂ. ആളുകളെ വേഗം നാട്ടിലെത്തിക്കണമെങ്കില്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ കൂടിയേ തീരുവെന്ന് ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് മലയാളികളെ പ്രതിനിധീകരിക്കുന്ന വിവിധ സന്നദ്ധ സംഘടനകള്‍ ഇത് യാഥാര്‍ഥ്യമാക്കാന്‍ ശ്രമിച്ചത്. അതുകൊണ്ട് പ്രവാസികളെ പ്രതിസന്ധിയിലാക്കുന്ന ഈ അപ്രായോഗികമായ ഉത്തരവ് പിന്‍വലിക്കുകയും കൊവിഡിനെതിരെ ജാഗ്രത പുലര്‍ത്താന്‍ സാധിക്കുന്ന വിധത്തില്‍ ഹോം ക്വാറന്‍റൈൻ സംവിധാനം നടപ്പിലാക്കാന്‍ തയ്യാറാകുകയും ചെയ്യണമെന്നും ഉമ്മൻചാണ്ടി നല്‍കിയ കത്തില്‍ ആവശ്യപ്പെടുന്നു.
സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന കാര്യത്തില്‍ കേന്ദ്ര നിര്‍ദേശം കൂടി പരിഗണിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചിരുന്നു. പ്രവാസികൾക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന് പറയുന്നത് സുരക്ഷ കണക്കിലെടുത്താണ്. ചൊവ്വാഴ്ച പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി വിഷയം ചർച്ച ചെയ്യുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഇതിന് ശേഷമായിരിക്കും വിഷയത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക.