തിരുവനന്തപുരം : കൊവിഡ് കേസുകളിൽ വർധനയെ തുടർന്ന് ജില്ലകൾക്ക് ജാഗ്രതാനിർദേശം. കൊവിഡ് കേസുകൾ 200നടുത്ത് എത്തിയിരിക്കുകയാണ്. സംസ്ഥാനത്ത് ഇന്നലെ 172 കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്.
തിരുവനന്തപുരം എറണാകുളം ജില്ലകളിൽ രോഗികൾ കൂടുന്നു : സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുമ്പോൾ ആശങ്കയാകുന്നത് തിരുവനന്തപുരം എറണാകുളം ജില്ലകളിലെ വ്യാപനമാണ്. സംസ്ഥാനത്ത് നിലവിലുള്ള കേസുകളിൽ ഭൂരിഭാഗവും ഈ ജില്ലകളിലാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. ആകെ 1026 കൊവിഡ് ആക്‌ടീവ് കേസുകളാണുള്ളത് ഇതുവരെ സംസ്ഥാനത്തുള്ളത്. മാത്രമല്ല ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണവും വർധിച്ചിട്ടുണ്ട്. 111 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
ജില്ലകൾക്ക് ജാഗ്രതാനിർദേശം: എല്ലാ ജില്ലകള്‍ക്കും കൊവിഡ് അവലോകനയോഗം ജാഗ്രതാനിര്‍ദേശം നല്‍കി. നിരീക്ഷണം ശക്തിപ്പെടുത്താനാണ് നിര്‍ദേശം. ദിവസവും കൊവിഡ് കേസുകള്‍ ആരോഗ്യവകുപ്പ് അവലോകനം ചെയ്യണം. നിലവിൽ സംസ്ഥാനത്ത് കൊവിഡ് ക്ലസ്‌റ്ററുകള്‍ രൂപപ്പെട്ടിട്ടില്ലെന്നാണ് വിലയിരുത്തൽ. ആശുപത്രി സജ്ജീകരണങ്ങള്‍ക്കായി ജില്ലകളും ആശുപത്രികളും സര്‍ജ് പ്ലാന്‍ തയ്യാറാക്കണം.
കൊവിഡ് രോഗികള്‍ വര്‍ധിക്കുന്നത് മുന്നില്‍ കണ്ട് ഐസിയു, വെന്‍റിലേറ്റര്‍ ആശുപത്രി സംവിധാനങ്ങള്‍ കൂടുതല്‍ മാറ്റിവയ്ക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുതിയ വകഭേദം വന്നിട്ടുണ്ടോയെന്നറിയാന്‍ ജീനോമിക് പരിശോധനകള്‍ വര്‍ധിപ്പിക്കും. മെഡിക്കല്‍ കോളജുകളില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടിയിട്ടില്ല. ആവശ്യമായ പരിശോധന കിറ്റുകളും മരുന്നുകളും സജ്ജമാക്കാന്‍ കെഎംഎസ്‌സിഎല്ലിന് നിര്‍ദേശം നല്‍കി.
മാസ്‌ക് ധരിക്കണം : കൊവിഡ് പുതിയ വകഭേദത്തിന് വ്യാപനശേഷി കൂടുതലായതിനാല്‍ സ്വയം പ്രതിരോധമാണ് ഏറ്റവും പ്രധാനം. കൊവിഡ് പ്രതിരോധത്തിന് മാസ്‌ക് ധരിക്കണം. മറ്റ് രോഗമുള്ളവരും പ്രായമായവരും കുട്ടികളും ഗര്‍ഭിണികളും പ്രത്യേകം ശ്രദ്ധിക്കണം. അവര്‍ പൊതുസ്ഥലങ്ങളില്‍ പോകുമ്പോള്‍ മാസ്‌ക് കൃത്യമായി ധരിക്കണം. ആശുപത്രികളില്‍ എത്തുന്നവര്‍ എല്ലാവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശം നൽകി. കേരളം ഉൾപ്പടെ ആറ് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം കോവിഡ് ജാഗ്രതാനിർദേശം നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അവലോകന യോഗം ചേർന്നത്.
രാജ്യത്തും ആശങ്ക : എന്നാല്‍ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1134 പുതിയ കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്‍റെ റിപ്പോര്‍ട്ട്. ഇതോടെ സജീവ കേസുകളുടെ എണ്ണം 7,026 ആയി ഉയര്‍ന്നു. ഛത്തീസ്‌ഗഡ്, ഡൽഹി, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലായി അഞ്ചുപേര്‍ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്‌തിരുന്നു. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,30,813 ആയും ഉയർന്നിരുന്നു.മാത്രമല്ല പ്രതിദിന ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 1.09 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.98 ശതമാനവുമാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,03,831 പേരെയാണ് കൊവിഡ് ടെസ്‌റ്റുകള്‍ക്ക് വിധേയരാക്കിയത്. ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക് പ്രകാരം 220.65 കോടി കൊവിഡ് വാക്‌സിന്‍ ഡോസാണ് രാജ്യത്ത് ഇതുവരെ നല്‍കിയിട്ടുള്ളത്. മാത്രമല്ല 4,41,60,279 പേര്‍ രോഗമുക്തരായിട്ടുമുണ്ട്. അതേസമയം കേരളത്തില്‍ ഇന്നലെ 172 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം 1026 ആയും ഉയര്‍ന്നു. 4.1 ശതമാനമാണ് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.