തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ആശങ്ക വർധിക്കുന്നു. പ്രതിദിന രോഗികളുടെ എണ്ണത്തിൽ വൻ വർധനവ് വരും ദിവസങ്ങളിലുണ്ടാകുമെന്നാണ് വിദഗ്‌ധ സമിതിയുടെ വിലയിരുത്തൽ. ഇന്ത്യയിൽ കഴിഞ്ഞ ഒരു മാസമായി ഏറ്റവും കൂടുതൽ പേർ രോഗബാധിതരാകുന്നത് കേരളത്തിലാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും ദേശീയ ശരാശരിയേക്കാൾ ഏറെ മുന്നിലാണ് കേരളം. രാജ്യത്തെ ടെസ്റ്റ് പോസിറ്റീവ് നിരക്ക് ഇപ്പോൾ രണ്ടിൽ താഴെയാണ് എന്നാൽ കേരളത്തിൽ അത് 9.16 ആണ്. ഗുരുതരമായ സ്ഥിതിയിലേക്കാണ് കേരളം പോകുന്നതെന്ന് വിദഗ്‌ധ സമിതി വിലയിരുത്തി.
വരും ദിവസങ്ങളിൽ രോഗബാധിതരുടെ എണ്ണം ഇനിയും വർധിക്കാനാണ് സാധ്യത. പ്രതിദിന രോഗികളുടെ എണ്ണം ഒൻപതിനായിരത്തിന് മുകളിൽ വരെയെത്താം. ഡിസംബർ, ജനുവരി മാസങ്ങളിൽ കൊവിഡ് ബാധിതരുടെ എണ്ണം അയ്യായിരത്തിനും ഏഴായിരത്തിനും ഇടയിലായിരുന്നു. പരിശോധന കുറവുള്ള ദിവസങ്ങളിൽ മാത്രമാണ് മൂവായിരത്തിൽ രോഗബാധിതർ ഒതുങ്ങിയത്. തദ്ദേശ തെരഞ്ഞെടുപ്പും, ക്രിസ്‌മസ്, പുതുവത്സരാഘോഷം കഴിഞ്ഞ സാഹചര്യമായതിനാൽ രോഗവ്യാപനം വൻതോതിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.
സംസ്ഥാനത്ത് മിക്ക ജില്ലകളിലും രോഗബാധിതരുടെ എണ്ണം വർധിക്കുകയാണ്. എറണാകുളം, പത്തനംതിട്ട ,ആലപ്പുഴ, വയനാട്, കോട്ടയം, തിരുവനന്തപുരം ജില്ലകളിൽ ടെസ്റ്റ് പോസിറ്റീവ് നിരക്ക് ക്രമാതീതമായി വർധിക്കുകയാണ്. ബ്രിട്ടനിൽ കണ്ടെത്തിയ ജനിതകമാറ്റം വന്ന കൊവിഡ് കേരളത്തില്‍ ആറ് പേർക്കാണ് കഴിഞ്ഞ ദിവസം സ്വീകരിച്ചത്. ഇതും ആശങ്ക ഉയർത്തുന്നതാണ്.
മരണ നിരക്കിലും സംസ്ഥാനത്ത് വർധന ഉണ്ടാകുന്നുണ്ട്. 3160 പേരാണ് സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. ഇതിൽ 3160 പേരും 60 വയസിന് മുകളിലുള്ളവരാണ്. 41 മുതൽ 59 വയസ് വരെയുള്ള 661 പേരും 18 മുതൽ 40 വയസ് വരെയുള്ള 114 പേരും 17 വയസിന് താഴെയുള്ള 12 പേരും സംസ്ഥാനത്ത് കൊവിഡ് മൂലം മരിച്ചു. ജീവിതശൈലി രോഗങ്ങള്‍ പിടിപെട്ടവര്‍ ഏറെയുള്ള കേരളത്തിൽ രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുകയാണെങ്കിൽ മരണനിരക്കും വര്‍ധിക്കും.