തിരുവനന്തപുരം : കാലടി സർവകലാശാലയുടെ ആറ്റുകാല്‍ സെന്‍ററിനോട് ചേര്‍ന്നുള്ള എട്ട് സെൻ്റ് വസ്‌തു അനധികൃതമായി കൈയേറിയ മുൻ വൈസ് ചാൻസലർ രാമചന്ദ്രൻ നായരുടെ നീക്കത്തിന് കോടതിയില്‍ തിരിച്ചടി. തൻ്റെ വസ്‌തുവെന്ന് കാട്ടി കോടതിയിൽ രാമചന്ദ്രൻ നായർ നൽകിയ ഹർജി കോടതി തള്ളി. തിരുവനന്തപുരം മുൻസിഫ് കോടതിയുടേതാണ് നടപടി.
1996ൽ വിദ്യാധിരാജ ട്രസ്റ്റിൽ നിന്നും വാങ്ങിയ 55 സെൻ്റ് വസ്തുവിൽ നിന്നും എട്ട് സെന്‍റ് താൻ വാങ്ങിയതാണെന്ന് അവകാശവാദം ഉന്നയിച്ച് 2012ൽ മുൻ വൈസ് ചാൻസലർ രംഗത്തുവന്നിരുന്നു. സെൻ്റ് 50,000 രൂപ നൽകിയാണ് കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല സ്ഥലം വിലയ്ക്ക് വാങ്ങിയത്.
രാമചന്ദ്രൻ നായർ വ്യാജ രേഖകൾ തയ്യാറാക്കി സർവകലാശാലയുടെ വസ്‌തു കൈവശപ്പെടുത്താൻ ശ്രമിച്ചതിന് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്‌തിരുന്നു. എന്നാൽ തെളിവുകളുടെ അഭാവത്താൽ ഈ കേസിൽ മുൻ വിസിയെ കോടതി വെറുതെ വിട്ടു.
Also Read: ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെ ലഖ്‌നൗ വിമാനത്താവളത്തിൽ തടഞ്ഞു ; പ്രതിഷേധം
സർവകലാശാലയുടെ വസ്തുവിനോട് ചേർന്ന ആറ്റുകാൽ-കിള്ളിപ്പാലം റോഡ് നിർമാണത്തിന് പൊതുമരാമത്തിന് വേണ്ടി ലാൻഡ് അക്വിസിഷന്‍ വകുപ്പ് ഏറ്റെടുത്ത വസ്‌തുക്കളുടെ രേഖകളിൽ നിന്നും, സർവകലാശാല സ്വയം നടത്തിയ അന്വേഷണത്തിലൂടെയുമാണ് വസ്‌തു കൈയേറിയ വിവരം അറിയുന്നത്.
10 വർഷമായി കേസ് നടപടികൾ കാരണം സർവകലാശാലാ ഭൂമിയില്‍ വികസനം നടത്താൻ സാധിച്ചിട്ടില്ല. എന്നാൽ വിധി വന്നതോടെ മുടങ്ങിക്കിടന്ന പഠന വിഭാഗത്തിന് വേണ്ടിയുള്ള ഗവേഷണ പ്രവർത്തനങ്ങൾക്കുള്ള ഹോസ്റ്റൽ, ലൈബ്രറി തുടങ്ങിയ സൗകര്യങ്ങളുടെ പ്രവർത്തനങ്ങൾ ഉടൻ തുടങ്ങുമെന്ന് നിലവിലെ വൈസ് ചാൻസലർ ഡോ.ധർമരാജ് അടാട്ട് പറഞ്ഞു.