തിരുവനന്തപുരം : അപകീര്‍ത്തികരമായ വാര്‍ത്ത സംപ്രേക്ഷണം ചെയ്‌ത ഓണ്‍ലൈന്‍ മാധ്യമത്തിനെതിരായ കേസിൽ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തള്ളി. അപകീര്‍ത്തികരമായ വാര്‍ത്ത സംപ്രേക്ഷണം ചെയ്യാതിരിക്കാൻ സ്വകാര്യ ഹോസ്‌പിറ്റൽ ഉടമയോട് ഒരു കോടി രൂപ ആവശ്യപ്പെടുകയും തുക നല്‍കാത്തതിനാൽ വാര്‍ത്ത സംപ്രേക്ഷണം ചെയ്യുകയും ചെയ്‌തതാണ് ഓൺലൈൻ മാധ്യമത്തിനെതിരായ കേസ്. സംഭവത്തിൽ മാധ്യമത്തിന്‍റെ സ്റ്റാഫ് മാനേജര്‍ നൽകിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയാണ് ആറാം അഡിഷണല്‍ ജില്ല സെഷന്‍സ് ജഡ്‌ജി കെ. വിഷ്‌ണു തള്ളിയത്.
വാർത്ത നല്‍കാതിരിക്കാന്‍ പ്രസ്‌തുത ഓൺലൈൻ മാധ്യമത്തിന്‍റെ പ്രതിനിധികള്‍ ആശുപത്രിയുടെ ഉളളൂര്‍ ഓഫിസില്‍ വന്ന് സംസാരിച്ചെന്നും പണം നല്‍കാത്തതിനെ തുടര്‍ന്ന് ആശുപത്രിയുടെ മറ്റൊരു ശാഖയ്‌ക്ക് മുന്നില്‍ ചിത്രീകരണം നടത്തി ഐ. വി.എഫ് ചികിത്സയ്‌ക്ക് എതിരായി അപകീര്‍ത്തികരമായ വാര്‍ത്ത സംപ്രേക്ഷണം ചെയ്‌തു എന്നുമാണ് ഫോര്‍ട്ട് പൊലീസ് എടുത്ത കേസില്‍ പറയുന്നത്. വസ്‌തുതകൾ പുറത്ത് കൊണ്ട് വരേണ്ട മാധ്യമങ്ങളുടെ പേരിൽ ഇത്തരം ഓൺലൈൻ മാധ്യമങ്ങൾ നടത്തുന്ന കച്ചവടങ്ങളെ പ്രോത്സാഹിപ്പിക്കാതിരിക്കാൻ പ്രതിയെ എടുത്ത് കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.
കുടുക്കിയതെന്ന് ഓണ്‍ലൈന്‍ മാധ്യമത്തിന്‍റെ വാദം : അതേസമയം പി.വി. അന്‍വര്‍ എംഎല്‍എ ചെസ്റ്റ് നമ്പര്‍ ഇട്ട് തങ്ങളെ കേസില്‍ കുടുക്കിയതാണെന്നായിരുന്നു ഓണ്‍ലൈന്‍ മാധ്യമത്തിന്‍റെ വാദം. കേസുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങള്‍ രാഷ്‌ട്രീയം കലര്‍ത്തി പറയാന്‍ അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ കോടതിയോട് പറഞ്ഞു. കോടതിയില്‍ രാഷ്‌ട്രീയം പറയേണ്ടതില്ലെന്ന് കോടതിയും വ്യക്തമാക്കിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡിഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം. സലാഹുദ്ദീന്‍ ഹാജരായി.
ഷാജൻ സ്‌കറിയക്ക് എതിരായ കേസ് : കഴിഞ്ഞ മാസമാണ് പി.വി ശ്രീനിജന്‍ എംഎല്‍എയ്‌ക്കെതിരെ നടത്തിയ അപകീര്‍ത്തി പരാമര്‍ശത്തിലുള്ള ക്രിമിനല്‍ കേസില്‍ ഓണ്‍ലൈന്‍ ന്യൂസ് ചാനലായ 'മറുനാടൻ മലയാളി' എഡിറ്റര്‍ ഷാജൻ സ്‌കറിയക്ക് അറസ്‌റ്റില്‍ നിന്ന് സുപ്രീം കോടതി ഇടക്കാല സംരക്ഷണം അനുവദിച്ചത്. എസ്‌സി എസ്‌ടി ആക്‌ട് പ്രകാരമുള്ള ക്രിമിനൽ കേസിൽ തുടർ നടപടികൾ നിർത്തിവയ്‌ക്കാനും അറസ്‌റ്റ് സ്‌റ്റേ ചെയ്യാനുമാണ് കോടതി ഉത്തരവിട്ടത്.
പി.വി ശ്രീനിജൻ എംഎൽഎക്കെതിരെ നടത്തിയ അപകീർത്തികരമായ പരാമർശങ്ങളുടെ പേരില്‍ മറുനാടൻ മലയാളിയുടെ തിരുവനന്തപുരം പട്ടത്തെ ഓഫിസിൽ പൊലീസ് പരിശോധന നടത്തുകയും ഇതിന്‍റെ ഭാഗമായി 29 കമ്പ്യൂട്ടറുകൾ, ക്യാമറകൾ, ലാപ്‌ടോപ്പുകൾ എന്നിവ പിടിച്ചെടുക്കുകയും ചെയ്‌തിരുന്നു. ഇതിന് പുറമെ സംസ്ഥാനത്ത് പലയിടത്തും മറുനാടൻ മലയാളിയുടെ ഓഫിസുകളിലും ജീവനക്കാരുടെ വീടുകളിലും പൊലീസ് പരിശോധന നടത്തി. അതേസമയം, ഇയാളുടെ പ്രസ്‌താവനകൾ അപകീർത്തികരമായേക്കാമെന്നും എന്നാൽ ഇവ എസ്‌സി എസ്‌ടി നിയമ പ്രകാരമുള്ള കുറ്റങ്ങളല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി നടപടി.
also read : Derogatory Remarks | അപകീര്‍ത്തി കേസ് : ഷാജൻ സ്‌കറിയയുടെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി