തിരുവനന്തപുരം: വിദേശ രാജ്യത്ത് നിന്ന് കള്ളനോട്ട് കൊണ്ടുവന്ന് കേരളത്തിൽ വിതരണം ചെയ്‌ത കേസിലെ നാലു പ്രതികൾക്ക് പത്തു വർഷം കഠിന തടവും 1,40,000 രൂപ പിഴയും വിധിച്ചു. ബംഗാൾ സ്വദേശികളായ കമീറുൾ ഇസ്‌ലാം, ഇനാമൽ ഹക്ക്, സിറാജുൾ ഹക്ക്, റൂഹുൾ അമീർ എന്നിവർക്കാണ് ശിക്ഷ വിധിച്ചത്. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി ജഡ്‌ജി സനിൽ കുമാറാണ് കേസിൽ ഉത്തരവിട്ടത്. ക്രിമിനൽ ഗൂഢാലോചന, കള്ളനോട്ട് കൈവശം വെക്കൽ, വിപണനം നടത്തുക എന്നിവയ്ക്ക് ഇന്ത്യൻ ശിക്ഷ നിയമത്തിലെ 120 ബി,489 ബി,സി വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. കള്ളനോട്ടുമായി ബന്ധപ്പെട്ട കേസിൽ സിബിഐ കോടതി നൽകുന്ന ഏറ്റവും ഉയർന്ന ശിക്ഷയാണ്.
2011 ഒക്‌ടോബർ 22നാണ് കേസിനാസ്‌പദമായ സംഭവം. ബംഗ്ലാദേശിൽ അച്ചടിച്ച കള്ളനോട്ട് കേരളത്തിൽ എത്തിച്ചശേഷം തിരുവനന്തപുരം ജില്ലയിലെ പാറശാലയിലെ വിവിധ കച്ചവട സ്ഥാപനങ്ങളിൽ പ്രതികൾ വിനിമയം നടത്തുകയായിരുന്നു. അതിഥി തൊഴിലാളികളുടെ വേഷത്തിൽ പാറശാലയിൽ താമസം ആരംഭിച്ച പ്രതികൾ ആഡംബര ജീവിത ശൈലി പിന്തുടർന്നതിനെ തുടർന്നാണ് നാട്ടുകാർക്ക് സംശയം തോന്നിയത്. തുടർന്ന് നാട്ടുകാർ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. പാറശാല പൊലീസ് സ്ഥലത്തെത്തിയാണ് പ്രതികളെ പിടികൂടിയത്. തുടർ അന്വേഷണത്തിൽ പിടികൂടിയ നാല് കുട്ടികളെയും ജുവനൈൽ ഹോമിലാക്കുകയും തുടർന്ന് ശിക്ഷിക്കുകയുമായിരുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തിൽ നോട്ടുകൾ ബംഗ്ലാദേശിൽ നിന്നും അച്ചടിച്ചു കൊണ്ടുവന്നതായി കണ്ടെത്തി. പൊലീസ് ഇക്കാര്യം സർക്കാരിനെ അറിയിക്കുകയും തുടർന്ന് അന്തർദേശിയ കള്ളനോട്ട് സംഘം എന്ന കാരണത്താൽ 2012ൽ കേസ് സിബിഐക്ക് സർക്കാർ കൈമാറി. 2013ൽ സിബിഐ കേസ് അന്വേഷണം പൂർത്തിയാക്കി സിബിഐ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. 30 സാക്ഷികൾ ഉണ്ടായിരുന്നതിൽ 14 സാക്ഷികളെ വിസ്‌തരിച്ചു. ഫോറൻസിക് മേധാവികളുടെയും പ്രതികൾ പണം കൈമാറിയ കച്ചവട സ്ഥാപന ഉടമകളുടെയും മൊഴികൾ കേസിൽ നിർണായകമായി. പ്രോസിക്യൂഷന് വേണ്ടി എം.നവാസാണ് ഹാജരായത്.