തിരുവനന്തപുരം: പൂന്തുറയിലും പുല്ലുവിളയിലും സമൂഹ വ്യാപനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലയിലെ തീരദേശ മേഖലകളിൽ അതീവ ഗുരുതര സ്ഥിതി വിശേഷമായതിനാൽ സമ്പൂർണ ലോക് ഡൗൺ ഏർപ്പെടുത്താൻ സർക്കാർ തീരുമാനം. ശനിയാഴ്ച മുതലാകും സമ്പൂർണ ലോക് ഡൗൺ. സംസ്ഥാനത്ത് ആദ്യമായാണ് സമൂഹ വ്യാപനം സര്‍ക്കാര്‍ പുറത്ത് ഔദ്യോഗികമായി അംഗീകരിക്കുന്നത്. തീരപ്രദേശങ്ങളിലാണ് വെള്ളിയാഴ്ചത്തെ രോഗബാധിതരിൽ അധികവും.
തിരുവനന്തപുരത്ത് അതിവേഗത്തിൽ രോഗികളുടെ എണ്ണം വർധിക്കുന്നതിനാലാണ് പൂന്തുറ, പുല്ലുവിള പ്രദേശങ്ങളിൽ സാമൂഹ വ്യാപനം എന്ന നിർണയത്തിൽ സർക്കാർ എത്തിയത്. തീരപ്രദേശത്തിലെ കരിങ്കുളം പഞ്ചായത്തിലെ പുല്ലുവിളയിൽ 91 പേരിൽ പരിശോധന നടത്തിയപ്പോൾ 51 പേർ പോസിറ്റീവായി. പൂന്തുറയിൽ 50 പേരിൽ 26 പേരും പുതുക്കുറിച്ചിയില്‍ 75 പേരിൽ 20 പേരും അഞ്ചുതെങ്ങിൽ 83 പേരിൽ 15 പേരും പോസിറ്റായി. ഇത്തരത്തില്‍ രോഗ വ്യാപനം തീവ്രമായതിനാൽ തീരമേഖലയെ സോണുകളാക്കി പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും അഞ്ചുതെങ്ങ് മുതൽ പെരുമാതുറ വരെ ഒന്നാം സോണും പെരുമാതുറ മുതൽ വിഴിഞ്ഞം വരെ രണ്ടാം സോണും വിഴിഞ്ഞം മുതൽ ഊരമ്പ് വരെ മൂന്നാം സോണുമായി തിരിച്ചു.
ഇവിടെത്തെ പ്രവർത്തങ്ങൾക്ക് രണ്ട് ഐ.എ.എസ് ഉദ്യോഗസ്ഥർ നേതൃത്വം നൽകും. ഒന്നാം സോണിൽ യു.വി.ജോസ്, ഹരികൃഷ്ണൻ എന്നിവരും രണ്ടാം സോണിൽ എം.ജെ രാജമാണിക്യം, ബാലകിരൺ തുടങ്ങിയവരും മൂന്നാം സോണിൽ വെങ്കിടേശ പതി, ബിജു പ്രഭാകർ തുടങ്ങിയ ഐ.എ.എസ് ഉദ്യോഗസ്ഥരെ നിയമിച്ചു. ആവശ്യമെങ്കിൽ ശ്രീവിദ്യാ, ദിവ്യാ എസ്.ഐയർ തുടങ്ങിയ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ സേവനവും പ്രയോജനപ്പെടുത്തും. തീരദേശത്തെ സ്ഥിതിഗതികൾ നിയന്ത്രണമാക്കുന്നതിന് പൊലീസിന്‍റെ നേതൃത്വത്തിൽ പ്രത്യേക സംവിധാനം ഒരുക്കും. സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാധ്യായക്കാണ് ഇതിന്‍റെ ചുമതല. ഇതിനായി പ്രത്യേക കൺട്രോൾ റൂം തുറക്കും. തീരമേഖലകളിൽ നിന്ന് തിരുവനന്തപുരത്തിന്‍റെ മറ്റു പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് കർശന നിയന്ത്രണമുണ്ട്.
വെള്ളിയാഴ്ച തിരുവനന്തപുരത്ത് 246 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അതിൽ 237 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. മൂന്ന് പേർക്ക് രോഗം ബാധിച്ചതിന്‍റെ ഉറവിടം വ്യക്തമല്ല. നാല് ആരോഗ്യ പ്രവർത്തകർക്കും വിദേശത്ത് നിന്നെത്തിയ രണ്ട് പേർക്കും രോഗം ബാധിച്ചു. സ്വീകരിക്കും. തീരദേശ മേഖലകളിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ നിശ്ചിത സമയം തുറക്കും. മത്സ്യബന്ധനത്തിന് നിലവിലെ നിയന്ത്രണം തുടരും. ഭക്ഷ്യ ഉത്പ്പന്നങ്ങളുടെ വിതരണം സിവിൽ സപ്ലൈസ് ഉറപ്പാക്കും. ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍റര്‍ സ്ഥാപിക്കാൻ ദ്രുതഗതിയിൽ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.