തിരുവനന്തപുരം: ലോക കേരള സഭ യുഡിഎഫ് ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും അവരെ ഒരു കുടക്കീഴില്‍ കൊണ്ടു വരാനും ലക്ഷ്യമിട്ട് തുടങ്ങിയ കേരള സഭ അതില്‍ പരാജയപ്പെട്ടു. രണ്ടു പ്രവാസി സംരംഭകരാണ് ഒന്നാം കേരള സഭയ്ക്ക് ശേഷം ആത്മഹത്യ ചെയ്തത്. ഈ സാഹചര്യത്തില്‍ ലോക കേരള സഭ ഒരു കാപട്യമാണ്, ആ കാപട്യത്തിനൊപ്പം ചേര്‍ന്നു നില്‍ക്കാന്‍ കഴിയാത്തതു കൊണ്ടാണ് ബഹിഷ്‌കരിക്കുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.
രണ്ടാം ലോക കേരള സഭ ഒരു ആഢംബര വസ്തുവായി മാറി. അധിക ധൂര്‍ത്താണ് കേരള സഭയുടെ പേരില്‍ നടക്കുന്നത്. നിയമസഭയിലെ ശങ്കരനാരയണന്‍ ഹാള്‍ 16 കോടി ചെലവില്‍ ഫൈവ് സ്റ്റാര്‍ മാതൃകയില്‍ നവീകരിക്കേണ്ട എന്ത് കാര്യമാണ് ഉള്ളതെന്നും ചെന്നിത്തല ചോദിച്ചു. ലോക കേരള സഭയിലെ അംഗങ്ങള്‍ക്ക് നിയമസഭ സമാജികര്‍ക്ക് തുല്യമായ പദവികളും ആനൂകൂല്യങ്ങളും നല്‍കാന്‍ നിയമനിര്‍മാണം നടത്തുമെന്ന് പറയാന്‍ സ്പീക്കര്‍ക്ക് എന്ത് അധികാരമാണെന്നും ചെന്നിത്തല ചോദിച്ചു. സ്പീക്കര്‍ സര്‍ക്കാരിന്‍റെ കളിപ്പാവയായി മാറി. സ്പീക്കര്‍ പക്ഷം പിടിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും ചെന്നിത്തല പറഞ്ഞു.