തിരുവനന്തപുരം: കെപിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട കെ.മുരളീധരന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. കെപിസിസി ഭാരവാഹി പട്ടിക മികച്ചതാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു. കാര്യപ്രാപ്തിയുള്ളവരെയാണ് ഭാരവാഹികള്‍ ആക്കിയത്. വിമര്‍ശനങ്ങള്‍ പാര്‍ട്ടി ഫോറങ്ങളിലാണ് വേണ്ടത്. മോഹന്‍ ശങ്കറിനെ ഭാരവാഹിയാക്കിയതില്‍ തെറ്റില്ല. അദ്ദേഹം ആര്‍. ശങ്കറിന്റെ മകനാണ് ആ പാരമ്പര്യം മറക്കരുതെന്നും വേണുഗോപാല്‍ പറഞ്ഞു.
പാര്‍ട്ടി കൂട്ടായി മുന്നോട്ട് പോകുമെന്നും ഭാരവാഹികളായ എല്ലാവരും യോഗ്യരാണെന്നും എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി പറഞ്ഞു. പുനഃസംഘടന നല്ല നിലയിലാണ് നടന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. ആര്‍ ശങ്കറിന്റെ മകന്‍ കോണ്‍ഗ്രസ് ഭാരവാഹി ആകുന്നതില്‍ തെറ്റുണ്ടെന്ന് കരുതുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസ് വിട്ട് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മോഹന്‍ ശങ്കറിനെ കെപിസിസി വൈസ് പ്രസിഡന്‍റ് ആക്കിയതിനെതിരെ രൂക്ഷ വിമര്‍ശനമാണ് കഴിഞ്ഞ ദിവസം കെ.മുരളീധരന്‍ ഉയര്‍ത്തിയത്.