തിരുവനന്തപുരം : മോദി പരാമർശത്തിലെ അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധി കുറ്റക്കാരനാണെന്ന സൂറത്ത് കോടതി വിധിക്കെതിരായ സുപ്രീം കോടതി സ്റ്റേയില്‍ കേക്ക് മുറിച്ച് ആഘോഷിച്ച് കോൺഗ്രസ് പ്രവർത്തകർ. കെപിസിസി ആസ്ഥാനത്ത് കേക്ക് മുറിച്ചും മധുരം നൽകിയുമാണ് സുപ്രീം കോടതി വിധി, പ്രവർത്തകർ ആഘോഷിച്ചത്. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലായിരുന്നു കെപിസിസി ആസ്ഥാനത്തെ ആഘോഷങ്ങൾ.
സൂറത്തിലെ മജിസ്ട്രേറ്റ് കോടതി പരമാവധി ശിക്ഷ ഇക്കാര്യത്തിൽ കൊടുത്തതെന്തിനാണെന്ന സുപ്രീം കോടതിയുടെ ചോദ്യം വളരെ പ്രസക്തമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. രാജ്യത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ തിരിച്ചുവരവ് ഉണ്ടാകും. രാഹുൽ ഗാന്ധി കൂടുതൽ കരുത്തോട് കൂടി ഇന്ത്യൻ രാഷ്ട്രീയത്തിൽ വർഗീയതയ്ക്കും ഏകാധിപത്യത്തിനും എതിരായുള്ള പോരാട്ടം തുടരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സത്യത്തിന്‍റെ വിജയമെന്ന് ആന്‍റണി : സുപ്രീം കോടതിയുടെ ഇന്നത്തെ ചരിത്ര പ്രസിദ്ധമായ വിധി നീതിയുടേയും സത്യത്തിന്‍റേയും വിജയമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്‍റണി പ്രതികരിച്ചു. ഒരു പ്രസംഗത്തിന്‍റെ പേരിൽ എട്ട് വർഷം പാർലമെന്‍റിൽ നിന്ന് മാറ്റി നിർത്താനായിരുന്നു ശ്രമം. ഈ വിധി നടപ്പായിരുന്നെങ്കിൽ ലക്ഷക്കണക്കിന് പൊതുപ്രവർത്തകർ ജയിലിൽ കിടക്കേണ്ടി വരുമായിരുന്നു. ജനാധിപത്യം പൂർണമായും തകരുമായിരുന്നു.
രാഹുൽ ഗാന്ധി അജയ്യനായി മാറി. അദ്ദേഹത്തെ തോൽപിക്കാൻ ഇനി ബിജെപിക്ക് ആവില്ല. മതേതര വാദികൾക്ക് ആത്മവിശ്വാസം നൽകിയ വിധിയാണിത്. കേരളീയർക്കും ആശ്വാസം. അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി വയനാട്ടിൽ നിന്ന് തന്നെ മത്സരിക്കണം. അതാണ് തന്‍റെ വ്യക്തിപരമായ അഭിപ്രായം. അവസാന അത്താണിയായി സുപ്രീം കോടതി ഉണ്ടാകുമെന്ന വിശ്വാസം ജനങ്ങൾക്ക് ആശ്വാസമാണെന്നും എകെ ആന്‍റണി പ്രതികരിച്ചു.
യോഗ്യനായി രാഹുൽ ഗാന്ധി : മോദി പരാമർശത്തിന്‍റെ പേരിലുള്ള അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധി കുറ്റക്കാരനെന്ന സൂറത്ത് കോടതി വിധിയാണ് സുപ്രീം കോടതി സ്റ്റേ ചെയ്‌തത്. ഇതോടെ വിലക്ക് നീങ്ങി രാഹുല്‍ ലോക് സഭയിലേക്ക് തിരിച്ചെത്തുമെന്ന സൂചനയാണ് ലഭിക്കുന്നത്. ജസ്റ്റിസ് ബി ആര്‍ ഗവായി അധ്യക്ഷനായ ബെഞ്ചാണ് രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി പരിഗണിച്ചത്.
സൂറത്ത് കോടതിയുടെ വിധിയും സുപ്രീം കോടതി സ്റ്റേ ചെയ്‌തു. സൂറത്ത് കോടതി വിധി സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധി സുപ്രീം കോടതിയെ സമീപിച്ചത്. ഹര്‍ജിക്കാരന്‍റെ അവകാശത്തെ കൂടാതെ അദ്ദേഹത്തെ തെരഞ്ഞെടുത്ത ജനങ്ങളുടെ അവകാശങ്ങളെയും ഇത് ബാധിച്ചുവെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.
ഇന്ത്യയെന്ന ആശയം സംരക്ഷിക്കുമെന്ന് രാഹുൽ : കോടതി വിധിക്ക് പിന്നാലെ എല്ലായ്‌പ്പോഴും വിജയിക്കുക സത്യം മാത്രമായിരിക്കുമെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. തനിക്ക് നല്‍കിയ പിന്തുണയ്‌ക്ക് രാഹുല്‍ ജനങ്ങള്‍ക്ക് നന്ദി അറിയിച്ച രാഹുൽ ഗാന്ധി വിധി എന്തുതന്നെ ആയാലും തന്‍റെ കർത്തവ്യം മാറുന്നില്ലെന്നും ഇന്ത്യയെന്ന ആശയം സംരക്ഷിക്കുമെന്നും അറിയിച്ചു.