തിരുവനന്തപുരം : നവംബർ ഒന്നിന് സ്‌കൂൾ തുറക്കുന്നതിൻ്റെ ഭാഗമായി വിദ്യാർഥികൾക്കുള്ള കൺസഷൻ നിലവിലെ നിരക്കിൽ തുടരാനും സ്‌കൂളുകൾ ആവശ്യപ്പെടുന്നതനുസരിച്ച് വിദ്യാർഥികൾക്കായി കെഎസ്ആർടിസി ബോണ്ട് ബസുകൾ അനുവദിക്കാനും തീരുമാനം.
വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയും ഗതാഗത വകുപ്പ് മന്ത്രി ആൻ്റണി രാജുവും തമ്മിൽ നടന്ന ചർച്ചയിലാണ് തീരുമാനം. മോട്ടോർ വാഹന വകുപ്പ് വിദ്യാർഥികൾക്കായി തയ്യാറാക്കിയ പ്രോട്ടോകോൾ വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചു.
ALSO READ: സ്‌കൂള്‍ തുറക്കല്‍; മാര്‍ഗരേഖ അടുത്ത മാസം ആദ്യവാരത്തോടെ
ഒക്ടോബർ 20ന് മുമ്പ് സ്‌കൂൾ യാത്രയ്‌ക്കായുള്ള വാഹനങ്ങൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടണം. 2020 ഒക്ടോബർ ഒന്നുമുതൽ മുതൽ 2021 സെപ്റ്റംബർ 30 വരെയുള്ള സ്‌കൂൾ ബസുകളുടെ റോഡ് ടാക്‌സ് ഒഴിവാക്കാനും തീരുമാനിച്ചു.
ബോണ്ട് സർവീസിനുള്ള നിരക്ക് സ്‌കൂളുകളാണ് നൽകേണ്ടത്. കൺസഷൻ കാർഡ് ഒക്ടോബർ ഒന്നുമുതൽ നൽകാൻ ഗതാഗതവകുപ്പ് തയ്യാറാണെന്നും മന്ത്രി ആൻ്റണി രാജു വ്യക്തമാക്കി. കൺസഷൻ കാർഡ് സ്‌മാർട്ട് കാർഡ് ആക്കുന്ന കാര്യവും പരിഗണനയിലുണ്ട്. സിറ്റി സർക്കുലർ സർവീസ് ഒക്ടോബർ 20 മുതൽ ആരംഭിക്കുമെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി.