തിരുവനന്തപുരം: ശനി, ഞായർ ദിവസങ്ങളിൽ തിരുവനന്തപുരം ജില്ലയിൽ കർശന നിയന്ത്രണങ്ങൾ നടപ്പാക്കാനൊരുങ്ങി പൊലീസ്. നഗരാതിർത്തി പ്രദേശങ്ങൾ ബാരിക്കേഡ് വച്ച് അടച്ചു കർശന പരിശോധന നടത്തും. രാവിലെ ആറ് മുതൽ പരിശോധന ആരംഭിക്കും. നഗരത്തിനുള്ളിലേക്കും പുറത്തേക്കും വാഹനയാത്ര അനുവദിക്കില്ല. അനാവശ്യ യാത്ര നടത്തുന്നവർക്കെതിരെ കേസെടുക്കുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്യും.
അത്യാവശ്യ സേവനങ്ങൾ മാത്രം
പ്രധാന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് 70 ചെക്കിങ് പൊയിന്‍റുകളാണ് ക്രമീകരിച്ചിരിക്കുന്നത്. അത്യാവശ്യ മെഡിക്കൽ സേവനങ്ങൾക്കും അവശ്യ സർവീസ് വിഭാഗങ്ങൾക്കും സർക്കാർ നിർദേശിച്ചിട്ടുള്ള മറ്റു വിഭാഗങ്ങളിൽപ്പെട്ടവർക്കും മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ. പ്രഭാത-സായാഹ്ന സവാരി ഈ ദിവസങ്ങളിൽ അനുവദിക്കില്ല. സർക്കാർ അനുവദിച്ചിട്ടുള്ള അവശ്യ സർവീസ് വിഭാഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് ജോലിസ്ഥലത്തേക്കും തിരിച്ചും നിശ്ചിത സമയങ്ങളിൽ മാത്രം യാത്ര ചെയ്യാം. ഇവർ ഔദ്യോഗിക തിരിച്ചറിയൽ കാർഡ് കയ്യിൽ കരുതേണ്ടതാണ്. ട്രെയിൻ വിമാനയാത്രക്കാർക്ക് ടിക്കറ്റും മറ്റു രേഖകളും കാണിച്ചാൽ യാത്ര അനുവദിക്കും.
ഭക്ഷണശാലകളും പ്രവർത്തിക്കില്ല
മെഡിക്കൽ സ്റ്റോറുകൾ, പച്ചക്കറി, അവശ്യ ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന കടകൾ എന്നിവ മാത്രമേ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കൂ. ഹോട്ടലുകളിൽ 'ടേക് എവേ' സംവിധാനം അനുവദിക്കില്ല. ചായക്കടകൾ, തട്ടുകടകൾ എന്നിവയും പ്രവർത്തിക്കരുത്.
Also read: പിങ്ക് പട്രോള്‍ പ്രോജക്ട്: മാര്‍ഗനിര്‍ദേശങ്ങളുമായി ഡിജിപി അനില്‍ കാന്ത്