തിരുവനന്തപുരം: പാൽ എടുക്കാത്തതിനെ ചൊല്ലിയുള്ള തർക്കത്തിൽ ക്ഷീര കർഷകൻ ജീവനക്കാരിയെ മർദ്ദിച്ചതായി പരാതി. കൈക്ക് പൊട്ടൽ സംഭവിച്ച ജീവനക്കാരി ആശുപത്രിയിൽ ചികിത്സയിലാണ്. പൂഴനാട് ക്ഷീരോൽപ്പാദന സഹകരണ സംഘത്തിലെ ജീവനക്കാരി രോഹിണിയെയാണ് സംഘാംഗമായ മോഹൻ എന്ന കർഷകൻ മർദ്ദിച്ചതായി പറയുന്നത്.
കണ്ടെയിമെന്‍റ് സോണിൽ നിന്നും മോഹൻ എത്തിക്കുന്ന പാൽ വേണ്ടത്ര സുരക്ഷിതമായല്ല കൊണ്ടുവരുന്നതെന്ന ആരോപണമുയർന്നിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ മോഹനൻ എത്തിക്കുന്ന പാൽ തൽക്കാലം ശേഖരിക്കേണ്ടെന്ന് ഭരണസമിതി തീരുമാനിച്ചിരുന്നു. ഇതേ ചൊല്ലിയുള്ള തർക്കമാണ് വാക്കേറ്റത്തിലും കയ്യാങ്കളിയിലും കലാശിച്ചത്. സംഭവത്തിൽ കൈക്ക് പൊട്ടൽ ഏറ്റ രോഹിണി വെള്ളറടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആര്യൻകോട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.