കാസർകോട്: "പ്രിയപ്പെട്ട മുഖ്യമന്ത്രി മദ്യത്തിന് കിക്ക് കിട്ടുന്നില്ല, എന്തെങ്കിലും ചെയ്യണം". നവകേരള സദസിൽ കിട്ടിയ ഒരു പരാതിയാണിത് (Complaint received in Navakerala sadas). കരിച്ചേരി സ്വദേശി വിശ്വംഭരന്‍ എന്ന പേരിലാണ് പരാതി നൽകിയിട്ടുളത് (Letter to Chief Minister). പരാതിയിൽ, ഗോവൻ മദ്യവുമായി താരതമ്യപ്പെടുത്തുമ്പോൾ കേരളത്തിലെ ബെവ്‌കോ വിൽക്കുന്ന മദ്യം ലഹരിയുള്ളതല്ല, എന്നാൽ കേരളത്തിൽ മദ്യം കൂടുതൽ വിലയ്ക്ക് വിൽക്കുന്നുണ്ടെന്ന് വിശ്വംഭരന്‍ കത്തില്‍ പറയുന്നു.
ടയർ റീട്രെഡിംഗ് കട നടത്തുന്നായാളാണ് വിശ്വംഭരൻ. കാസർകോട് ടൗൺ റോഡിലുള്ള ബെവ്‌കോ ഔട്ട്‌ലെറ്റിൽ കയറിയാണ് നിവേദനം നൽകിയത്. എന്തെങ്കിലും ചെയ്യണമെന്നും പറഞ്ഞാണ് പരാതി അവസാനിക്കുന്നത്. ഏതായാലും ഈ കത്ത് സമൂഹ മാധ്യമങ്ങളിലൂടെ മദ്യപന്മാര്‍ ഏറ്റെടുത്തു കഴിഞ്ഞു.
അതിനിടെ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന നവകേരള സദസ് മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളിഗെയിൽ ആരംഭിച്ചു. ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നവകേരള സദസ് ഉദ്ഘാടനം ചെയ്‌തു. റവന്യു മന്ത്രി കെ. രാജൻ അധ്യക്ഷത വഹിച്ചു. ഡിസംബർ 23 ന് വൈകിട്ട് ആറിന് തിരുവനന്തപുരം വട്ടിയൂർക്കാവിലാണ് സമാപനം. മുഖ്യമന്ത്രിയും മന്ത്രിമാരും കേരളത്തിലെ 140 മണ്ഡലങ്ങളിലും നവകേരള സദസിന്‍റെ ഭാഗമായി പര്യടനം നടത്തും.
നവകേരള സദസ് ആരംഭിക്കുന്നതിന് മൂന്നു മണിക്കൂർ മുമ്പ് മുതൽ പരാതികൾ സ്വീകരിച്ചു തുടങ്ങിരുന്നു. മുഴുവൻ പരാതികളും സ്വീകരിക്കുന്നതു വരെ കൗണ്ടറുകൾ പ്രവർത്തിക്കും. പരാതികൾ സമർപ്പിക്കുന്നത് സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ കൗണ്ടറുകളിൽ പ്രദർശിപ്പിക്കും. മുതിർന്ന പൗരൻമാർ, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്ക് പ്രത്യേകം കൗണ്ടറുകൾ ഒരുക്കിയിട്ടുണ്ട്. ലഭിക്കുന്ന പരാതികൾ വേഗത്തിൽ തീർപ്പാക്കാനുള്ള സംവിധാനമാണ് നിശ്ചയിച്ചിട്ടുള്ളത്. എല്ലാ പരാതികൾക്കും കൈപ്പറ്റ് രസീത് നൽകും. പരാതി തീർപ്പാകുന്ന മുറയ്ക്ക് തപാലിൽ അറിയിക്കുകയും ചെയ്യും.