തിരുവനന്തപുരം: പരശുവയ്ക്കൽ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ജീവനക്കാരുടെ ഡ്രസിങ് റൂമിലെ ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ പൊലീസ് കേസ് എടുക്കുന്നില്ലെന്ന് പരാതി. പാറശാല പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ആശുപത്രിക്കുള്ളിൽ അതിക്രമം കാട്ടിയതായി ആശുപത്രി സൂപ്രണ്ട് പൊലീസിൽ പരാതി നൽകിയത്.
മെഡിക്കൽ ജീവനക്കാർക്ക് നേരെ അതിക്രമമെന്ന് പരാതി
പാറശാല ഗ്രാമപഞ്ചായത്തിലെ മെഗാ വാക്‌സിനേഷൻ ദിനമായ കഴിഞ്ഞ 30നാണ് സംഭവം. അന്നേദിവസം പാറശാലയിലെ ഒരു സ്വകാര്യ മണ്ഡപത്തിൽ വച്ച് നടന്ന വാക്‌സിനേഷൻ ക്യാമ്പിൽ പലർക്കും വാക്‌സിൻ ലഭിച്ചില്ല എന്ന ആരോപണവുമായി പഞ്ചായത്ത് പ്രസിഡന്‍റ് മഞ്ചു സ്‌മിതയും വൈസ് പ്രസിഡന്‍റ് ബിജുകുമാറും രംഗത്തെത്തിയിരുന്നു. ആശുപത്രി അധികൃതർ അടുപ്പമുള്ളവർക്ക് മാത്രം വാക്‌സിൻ നൽകുന്നു എന്ന് ആരോപിച്ചായിരുന്നു ഇരുവരും ഒരു സംഘം ഡിവൈഎഫ്ഐ പ്രവർത്തകരുമായി ആശുപത്രിയിലെത്തിയത്.
പൊലീസ് മൗനം പാലിക്കുന്നുവെന്ന് ആരോപണം
വാക്‌സിനേഷൻ രജിസ്റ്റർ ഉൾപ്പടെ കൈവശപ്പെടുത്തിയ പഞ്ചായത്ത് പ്രസിഡന്‍റും സംഘവും, ജീവനക്കാരുടെ ഡ്രസിങ് റൂമിൽ ഉൾപ്പെടെ മൊബൈലുകളുമായി ദൃശ്യങ്ങൾ പകർത്തുകയും അവ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്‌തുവെന്നാണ് ആരോപണം. ആരോഗ്യ വകുപ്പ് ജീവനക്കാർക്കെതിരെ നടത്തിയ ഈ അതിക്രമത്തിനെതിരെ
മെഡിക്കൽ ഓഫീസറും ജീവനക്കാരുടെ സംഘടനയും പാറശാല പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ ആഴ്‌ചകൾ പിന്നിട്ടിട്ടും പൊലീസ് മൗനം പാലിക്കുന്നുവെന്ന് പരാതിക്കാർ പറയുന്നു.
സുരക്ഷിതമായി സൂക്ഷിക്കേണ്ട വാക്‌സിനേഷൻ രജിസ്റ്ററുകൾ ഇനിയും ആശുപത്രി അധികൃതർക്ക് പഞ്ചായത്ത് കൈമാറിയിട്ടുമില്ല. എന്നാൽ പ്രതികാര നടപടി എന്നോളം ഹെൽത്ത് ഇൻസ്പെക്‌ടർമാരായ രണ്ട് ജീവനക്കാരെ പഞ്ചായത്ത് ഭരണസമിതി സസ്പെൻഡ് ചെയ്യുകയാണ് ഉണ്ടായതെന്നും പറയുന്നു.
നിഷേധിച്ച് പഞ്ചായത്ത് ഭരണസമിതി
അതേസമയം വാക്‌സിൻ അട്ടിമറിക്കുന്നു എന്ന നാട്ടുകാരുടെ പരാതി പ്രകാരം അവിടെ അന്വേഷിച്ച് ചെല്ലുക മാത്രമാണ് ചെയ്തതെന്നും ക്രമക്കേട് പരിശോധിക്കാൻ വേണ്ടിയാണ് രജിസ്റ്റർ പിടിച്ചെടുത്തത് എന്നുമാണ് പഞ്ചായത്ത് അധികൃതരുടെ വാദം.
നടപടി വേണമെന്ന് ആവശ്യം ശക്തം
രാഷ്ട്രീയ താൽപര്യപ്രകാരം പഞ്ചായത്ത് അധികൃതരെ സംരക്ഷിച്ചുകൊണ്ട് ജീവനക്കാർക്കെതിരെ നടത്തിയ അധിക്രമം കണ്ടില്ലെന്ന് നടിക്കുന്ന പൊലീസിന്‍റെ നടപടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. വിഷയത്തിൽ നടപടി സ്വീകരിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് ആരോഗ്യവകുപ്പ് ജീവനക്കാരും നാട്ടുകാരും അറിയിച്ചു.
ALSO READ: വാക്‌സിനേഷന് തദ്ദേശ സ്ഥാപന രജിസ്‌ട്രേഷന്‍ ആവശ്യമില്ല; ആരോഗ്യ മന്ത്രി വീണാ ജോർജ്