തിരുവനന്തപുരം: യുവാവിനെ വീട് കയറി മാരകമായി ആക്രമിച്ച ഗുണ്ടകളെ മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി. ഈ മാസം എട്ടിന് രാത്രിയിലായിരുന്നു ആക്രമണം. കണിയാപുരം കുന്നിനകം സ്വദേശി വിഷ്‌ണു(26)നെയാണ് പത്തോളം വരുന്ന അക്രമിസംഘം മാരകയായി വെട്ടിപ്പരിക്കേൽപ്പിച്ചതിന് ശേഷം നട്ടെല്ല് അടിച്ച് ഒടിച്ചത്. തടയാനെത്തിയ വിഷ്‌ണുവിന്‍റെ അച്ഛൻ രവീന്ദ്രൻ നായരുടെ തല അടിച്ചു പൊട്ടിക്കുകയും അമ്മ ബിന്ദുവിന്‍റെ കൈ തല്ലി ഒടിക്കുകയും ചെയ്‌തു. ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച വിഷ്‌ണുവിനെ കഴിഞ്ഞ ദിവസം ഡിസ്റ്റാർജ് ചെയ്‌തു. മംഗലപുരം പൊലീസാണ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്‌തത്.
പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. പ്രതികൾ ഒളിവിലാണെന്നും ഉടൻ പിടികൂടുമെന്നും മംഗലപുരം പൊലീസ് അറിയിച്ചു. എന്നാൽ പ്രതികൾക്കെതിരെ പൊലീസ് നടപടികൾ സ്വീകരിക്കുന്നില്ലെന്ന് വീട്ടുകാർ ആരോപിക്കുന്നു. പ്രതികളെ പിടികൂടാത്തതിനെതിരെ ആറ്റിങ്ങൽ ഡി.വൈ.എസ്.പി. എസ്.വൈ.സുരേഷിന് വീട്ടുകാർ പരാതി നൽകി.