തിരുവനന്തപുരം: ദിനംപ്രതി അഞ്ഞൂറിലതികം രോഗികൾ വന്ന് പോകുന്ന പുത്തൻതോപ്പ് സാമൂഹികാരോഗ്യ കേന്ദ്രം ആവശ്യത്തിന് ഡോക്ടമാർ ഇല്ല. 24 മണിക്കൂർ പ്രവർത്തിക്കുന്ന ആശുപത്രിയിൽ പത്ത് കിടപ്പു രോഗികൾ ഉണ്ടായിട്ടും രാത്രി എട്ട് മണി കഴിഞ്ഞാൽ ഡ്യൂട്ടി ഡോക്ടർ വരാറില്ല. രാവിലെ ഡ്യൂട്ടിയിലുള്ള 4 സ്ഥിര ഡോക്ടർമാരിൽ രണ്ട് പേർ മിക്കപ്പോഴും അവധിയിലാണ്.
നിലവിലുള്ള വനിതാ ഡോക്ടർ സുരക്ഷാകാരണങ്ങളാൽ ജോലി രാജിവെക്കുന്നതായി ചൂണ്ടിക്കാട്ടി എൻആർഎച്ച്എമ്മിന് കത്ത് നൽകിയിട്ടുണ്ട്. രാത്രി കാലങ്ങളിൽ സാമൂഹ്യ വിരുദ്ധരുടെ ശല്യം കാരണം ഫാർമസിസ്റ്റ്, നഴ്സ് തുടങ്ങിയ വനിതാ ജീവനക്കാർ നേരത്തെ ആശുപത്രി വിട്ട് പോകുന്ന അവസ്ഥയാണ്. സുരക്ഷയ്ക്ക് യാതൊരുവിധ സംവിധാനങ്ങളും ആശുപത്രിയിൽ ഇല്ല. ഡോക്ടർമാരും മറ്റ് സൗകര്യങ്ങളും ഇല്ലാത്തതിനാൽ അത്യാവശ്യത്തിന് മെഡിക്കൽ കോളജിനെയോ മറ്റു സ്വകാര്യ ആശുപത്രികളെയോ ആശ്രയിക്കേണ്ട സാഹചര്യമാണ് ഇവിടത്തെ സാധാരണക്കാർക്ക്.