തിരുവനന്തപുരം : കനത്ത മഴയെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്ന തലസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് നാളെ (ഒക്‌ടോബര്‍ 5) അവധി പ്രഖ്യാപിച്ച് ജില്ല കലക്‌ടര്‍. കൊഞ്ചിറവിള യു.പി.എസ്, വെട്ടുകാട് എൽ.പി.എസ്, ഗവണ്‍മെന്‍റ് എം.എൻ.എൽ.പി.എസ് വെള്ളായണി എന്നീ സ്‌കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. മഴയെ തുടര്‍ന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത് (Collector Declared Holiday For Schools).
ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. പശ്ചിമ ബംഗാളിനും ജാർഖണ്ഡിനും മുകളിലായി രൂപപ്പെട്ട ന്യൂനമര്‍ദത്തിന്‍റെ പ്രഭാവത്തിലാണ് കേരളത്തില്‍ മഴ തുടരുന്നത്. അടുത്ത അഞ്ച് ദിവസം പരക്കെ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.
ഇന്നും നാളെയും (ഒക്‌ടോബര്‍ 4,5) കേരള തീരത്തും, ലക്ഷദ്വീപ് തീരത്തും മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ശക്തമായ മഴയ്‌ക്കൊപ്പം ഇടിമിന്നലിനും കേരള-ലക്ഷദ്വീപ് തീരങ്ങളിൽ കടലാക്രമണത്തിനും സാധ്യതയുണ്ട്. ഇവിടങ്ങളില്‍ മത്സ്യ ബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. അതേസമയം കര്‍ണാടക തീരത്ത് മത്സ്യ ബന്ധനത്തിന് വിലക്കില്ല.