തിരുവനന്തപുരം: സഹകരണ സംഘം ഭരണ സമിതിയുടെ നിയന്ത്രണത്തിലുള്ള ഭൂമിയിൽ നിന്നും ലക്ഷങ്ങൾ വിലപിടിപ്പുള്ള മരങ്ങൾ മുറിച്ച് കടത്തുന്നു. സർക്കാരിലേക്ക് വനം വകുപ്പ് മുഖേന അടക്കേണ്ട റോയൽറ്റിപോലും അടക്കാതെ ലക്ഷങ്ങളുടെ പകൽക്കൊള്ളയാണ് ഭരണസമിതി നടത്തിക്കൊണ്ടിരിക്കുന്നത്. ഭരണസമിതിയുടെ തീരുമാനം മാത്രമെടുത്തുകൊണ്ടു നടത്തുന്ന ഈ അഴിമതിക്ക് ടെൻഡർ വിളിക്കുകയോ നോട്ടിസ് പതിപ്പിക്കുകയോ പരസ്യ ലേലം നടത്തുകയോ ചെയ്തിട്ടില്ലന്നും പറയുന്നു. ഏകദേശം 25 ലക്ഷത്തോളം രൂപ വിലവരുന്ന മരങ്ങൾ വെറും 70000 രൂപക്ക് ഭരണസമിതിയിലുള്ളവർ ബിനാമി പേരിൽ ടെൻഡർ പിടിക്കുകയായിരുന്നു.
കഠിനംകുളം ഗ്രാമപഞ്ചായത്തിലെ 215-ാം നമ്പർ കയർ വ്യവസായ സഹകരണ സംഘം ഭരണ സമിതിയുടെ അധീനതയിലുള്ള ഏകദേശം അഞ്ച് ഏക്കറോളം വരുന്ന സർക്കാർ വസ്തുവിൽ നിന്നുമാണ് ലക്ഷങ്ങൾ വിലപിടിപ്പുള്ള അക്കേഷ്യ,മാഞ്ചിയം തുടങ്ങിയ മരങ്ങൾ മുറിച്ചു കടത്തുന്നത്. മരം മുറിക്കുന്നതിന് സഹകരണ വകുപ്പിന്‍റെയും വ്യവസായ വകുപ്പിന്‍റെയും, വനം വകുപ്പിന്‍റെയും അനുമതി വേണമെന്നിരിക്കേ ഇവരുടെ ഒന്നും യാതൊരു വിധ അംഗീകാരവുമില്ലാതെയാണ് മരം മുറിച്ച് കടത്തിക്കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ഒരാഴ്ചക്കിടെ ആറ് ലോഡോളം മരം മുറിച്ചു കടത്തിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. സഹകരണ സംഘവും പഞ്ചായത്തും ഭരിക്കുന്നത് സി പി എം ഭരണസമിതിയായിരിക്കേയാണ് ഈ പകൽ കൊള്ള നടന്ന് കൊണ്ടിരിക്കുന്നത്. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ ഇന്നലെ കോൺഗ്രസ് മേനംകുളം മണ്ഡലം പ്രസിഡന്‍റ് ടി.സഫീറിന്‍റെ നേതൃത്വത്തിൽ സ്ഥലത്തെത്തി മരം കയറ്റിക്കൊണ്ടു പോകുന്നത് തടഞ്ഞു. ഇതു സംബന്ധിച്ചു വിജിലൻസിന് പരാതി നൽകുവാൻ ഒരുങ്ങുകയാണ് നാട്ടുകാർ. എന്നാൽ ഈ ഭൂമി കയർ സഹകരണ സംഘത്തിന്‍റെ ഭൂമിയാണെന്നും സംഘത്തിന്‍റെ തീരുമാനം അനുസരിച്ച് തെങ്ങ് കൃഷി നടത്താനായിട്ടാണ് പാഴ്മരങ്ങൾ മുറിച്ച് മാറ്റിയതെന്നും നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നുമാണ് സംഘത്തിന്‍റെ വിശദീകരണം .