തിരുവനന്തപുരം: ഇടതുമുന്നണിക്ക് അവരുടെ ഇടതു പക്ഷത്വം നഷ്‌ടമായെന്ന് സിഎംപി ജനറൽ സെക്രട്ടറി സി.പി ജോൺ. ഏകാധിപതികൾ ഭരിക്കുന്ന ഒന്നായി ഇടതു മുന്നണി മാറിയെന്നും തങ്ങൾ യജമാനൻമാരും ജനങ്ങൾ സേവകരും എന്നതാണ് അവരുടെ രീതിയെന്നും അദ്ദേഹം വിമര്‍ശിച്ചു. യുഡിഎഫിന് അത്തരം നിലപാട് അല്ലെന്നും സി.പി ജോണ്‍ കൂട്ടിച്ചേര്‍ത്തു.
കേരളം വലിയൊരു സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. സംസ്ഥാനത്തിന്‍റെ കടം വർധിച്ചു. ഇടതു മുന്നണിയുടെയും ബിജെപിയുടെയും ധനകാര്യ കാഴ്‌ചപ്പാടുകൾ ഒന്നാണെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രത്തിൽ ആസൂത്രണ കമ്മീഷനെ ഇല്ലാതാക്കിയതുപോലെ കേരളത്തിൽ ആസൂത്രണ ബോർഡിനെ അപ്രസക്തമാക്കിയെന്നും യുഡിഎഫ് വന്നില്ലെങ്കിൽ സംസ്ഥാനം വലിയ ധനകാര്യ ദുരന്തം നേരിടേണ്ടി വരുമെന്നും സി.പി ജോണ്‍ മുന്നറിയിപ്പ് നല്‍കുന്നു. പാലയിലെ സിപിഎം-ബിജെപി തമ്മിലടി ഒരു തുടക്കം മാത്രമാണെന്നും സി.പി ജോൺ തിരുവനന്തപുരത്ത് പറഞ്ഞു.