തിരുവനന്തപുരം: തുലാമാസ പൂജയോടനുബന്ധിച്ച് ശബരിമലയിൽ ദർശനം സുഗമമാക്കാൻ ക്രമീകരണങ്ങൾ സജ്ജമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വെർച്വൽ ക്യൂ വഴി രജിസ്റ്റർ ചെയ്ത 250 പേർക്കാണ് ദർശനം അനുവദിക്കുക. ബുക്കിംഗ് സമയത്ത് അനുവദിക്കപ്പെട്ട സമയം കൃത്യമായി പാലിക്കണം. കൊവിഡ് മാനദണ്ഡങ്ങൾ കർശനമാണ്. കൂട്ടം കൂടാൻ അനുവദിക്കില്ല.ഒരു എസ്പിയുടെ നേതൃത്വത്തിൽ ആവശ്യമായ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
ദർശനത്തിന് 48 മണിക്കൂറിനകമുള്ള കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും, മലകയറാൻ ആരോഗ്യപ്രശ്നങ്ങൾ ഇല്ല എന്നു വ്യക്തമാക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റും ഭക്തർ കയ്യിൽ കരുതണം. വടശ്ശേരിക്കര, എരുമേലി എന്നീ പാതകളിലൂടെ മാത്രമേ ശബരിമലയിലേക്ക് കടത്തിവിടൂ. മാസ്ക്, സാനിറ്റൈസർ, കൈയുറ എന്നിവ കരുതണം. മല കയറുമ്പോൾ ഒഴികെയുള്ള സമയമെല്ലാം മാസ്ക് ധരിക്കണം. പമ്പയിൽ സ്നാനം അനുവദിക്കില്ല. കുളിക്കാൻ പ്രത്യേകം ഷവറുകൾ ക്രമീകരിച്ചിട്ടുണ്ട്.നിലക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ ആശുപത്രികളും സജ്ജമാക്കിയതായി മുഖ്യമന്ത്രി അറിയിച്ചു. വെള്ളിയാഴ്ചയാണ് തുലാമാസ പൂജകൾക്കായി നട തുറക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.