തിരുവനന്തപുരം: സംസ്ഥാനത്ത് 24 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കാസര്‍കോട് 12 പേര്‍ക്കും എറണാകുളത്ത് മൂന്ന് പേര്‍ക്കും തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ രണ്ട് പേര്‍ക്ക് വീതവും പാലക്കാട് ഒരാൾക്കുമാണ് രോഗബാധ. ഇതില്‍ ഒമ്പത് പേര്‍ വിദേശത്ത് നിന്നുമെത്തിയവരാണ്. ബാക്കിയുള്ളവര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതോടെ രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 237 ആയി. 123 പേരെ ബുധനാഴ്‌ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ 1,64,130 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 1,63,508 പേർ വീടുകളിലാണ്. 622 പേർ ആശുപത്രികളിലാണ്. ഇതുവരെ രോഗം ബാധിച്ചവരില്‍ 191 പേര്‍ വിദേശത്ത് നിന്നുമെത്തിയവരാണ്. ഏഴ് പേർ വിദേശികളാണ്. 67 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതുവരെ 26 പേര്‍ക്ക് രോഗം ഭേദമായി. കാസര്‍കോട് മെഡിക്കല്‍ കോളജ് നാല് ദിവസത്തിനുള്ളില്‍ കൊവിഡ് ആശുപത്രിയാക്കി മാറ്റും. എന്‍ഡോസൾഫാന്‍ ദുരിതബാധിതരുടെ വീടുകളില്‍ റേഷന്‍ എത്തിക്കും. ലോക്ക് ഡൗണിൽപ്പെട്ട 232 വിദേശികൾ സംസ്ഥാനത്തിന്‍റെ ഇടപെടലിലൂടെ ഇന്ന് സ്വന്തം നാട്ടിൽ സുരക്ഷിതരായി എത്തിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.
14.5 ലക്ഷം പേര്‍ക്ക് ഇന്ന് സൗജന്യ റേഷന്‍ വിതരണം ചെയ്‌തു. വിതരണത്തില്‍ അളവിലോ തൂക്കത്തിലോ കുറവ് വന്നാൽ കർശന നടപടി സ്വീകരിക്കും. 2,45,607 പേര്‍ക്ക് സൗജന്യ ഭക്ഷണവും നല്‍കി. ക്ഷീരകര്‍ഷകര്‍ നേരിട്ട പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കും. പാൽ മിച്ചം വരുന്നത് തമിഴ്‌നാട്ടിൽ കൊണ്ടുപോയി പാൽപ്പൊടിയാക്കാൻ നടപടിയായി. 50,000 ലിറ്റർ പാൽ ഈറോഡ് പ്ലാന്‍റില്‍ എത്തിക്കും. ഇതില്‍ തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഇടപെടലിന് മുഖ്യമന്ത്രി നന്ദി അറിയിച്ചു. മില്‍മ പാല്‍ കണ്‍സ്യൂമര്‍ ഫെഡിലൂടെ വിതരണം ചെയ്യും. മില്‍മ പാല്‍ സംഭരണം കൂട്ടും. ക്ഷീര കർഷകർക്ക് ആശ്വാസമാകാൻ ജനങ്ങൾ കൂടുതൽ പാൽ വാങ്ങാൻ ശ്രദ്ധിക്കണം. അധികമുള്ള പാൽ അംഗൻവാടി മുഖേന വിതരണം ചെയ്യാനും അതിഥി തൊഴിലാളികളുടെ ക്യാമ്പില്‍ വിതരണം ചെയ്യാനും തീരുമാനമായി.
ലോക്ക് ഡൗണിലെ കാർക്കശ്യം തുടരും. അനാവശ്യമായി നിരത്തിലിറങ്ങുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കും. പുതിയ നിയമപ്രകാരം ഇനി കേസെടുക്കും. സംസ്ഥാനത്തേക്ക് ചരക്ക് വാഹനങ്ങൾ എത്തുന്നതിൽ വർധനവുണ്ടായത് ആശ്വാസകരമാണ്. കർണാടകം അതിർത്തിയടച്ച നടപടി പുനഃപരിശോധിക്കണം. സന്നദ്ധപ്രവർത്തകരുടെ രജിസ്ട്രേഷൻ മികച്ച രീതിയിൽ പുരോഗമിക്കുന്നുണ്ട്. ഇതുവരെ രണ്ട് ലക്ഷത്തിലേറെ പേര്‍ രജിസ്റ്റര്‍ ചെയ്‌തതായും മുഖ്യമന്ത്രി അറിയിച്ചു. അതിഥി തൊഴിലാളികൾക്ക് ഭക്ഷണം തൊഴിലുടമകൾ തന്നെ ഉറപ്പാക്കണം. ഇവരെ സര്‍ക്കാര്‍ ക്യാമ്പുകളിലേക്ക് വിടരുതെന്നും മുഖ്യമന്ത്രി അറിയിച്ചു.