തിരുവനന്തപുരം: പൊതുജനങ്ങളുടെ പണം കട്ടെടുത്ത് സുഖമായി ജീവിക്കാമെന്ന് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കരുതേണ്ടന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ ചിലര്‍ ലാഭേച്ഛയോടെ പ്രവര്‍ത്തിക്കുകയാണ്. ഇവരുടെ കാപട്യം ആരും തിരിച്ചറിയില്ലെന്നാണ് ഇവര്‍ കരുതുന്നത്. എന്നാല്‍ പുതിയ കാലത്ത് തെറ്റായ നീക്കങ്ങള്‍ നിരീക്ഷിക്കാനും കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിനും ബുദ്ധിമുട്ടില്ലെന്ന് ഇക്കൂട്ടര്‍ മനസിലാക്കണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.
വര്‍ഷങ്ങളുടെ സര്‍വീസുള്ളവരെ തെറ്റായ പ്രവണതയുടെ പേരില്‍ പിരിച്ചുവിട്ടിട്ടുണ്ട്. ഇത് എല്ലാ വകുപ്പിലും ബാധകമാണ്. ഉത്തരവാദിത്തം നിറവേറ്റാതെ വ്യക്തിപരമായ ലാഭേച്ഛയോടെ പ്രവര്‍ത്തിക്കുന്നവരെ ചുമക്കേണ്ട ബാധ്യത സര്‍ക്കാറിനില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇത്തരത്തില്‍ നിരവധി ഉദാഹരണങ്ങളുണ്ട്. എന്നാല്‍ ഈ അവസരത്തില്‍ പേരെടുത്ത് പറയുന്നില്ല. ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ നടപടി കര്‍ശനമായുണ്ടാകും. ജനങ്ങള്‍ക്ക് നല്‍കേണ്ട സേവനം നല്‍കാതെ ബുദ്ധിമുട്ടിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ഇവര്‍ക്കെതിരെ ദാക്ഷണ്യമില്ലാത്ത നടപടി തന്നെ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇത്തരം പുഴുകുത്തുകളെ കണ്ടെത്താന്‍ നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ തയാറാകണം. പൊതുജനം ആഗ്രഹിക്കുന്ന നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ പ്രതിഞ്ജാബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ബോധവത്കരണ പരിപാടി ഉദ്‌ഘാടനം ചെയ്യുമ്പോഴാണ് മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് കര്‍ശനമായ ഭാഷയില്‍ താക്കീത് നല്‍കിയിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലെ തട്ടിപ്പും കോന്നിയിലെ ഉദ്യോഗസ്ഥരും കൂട്ടയവധിയും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ജീവനക്കാര്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുമ്പോഴാണ് മുഖ്യമന്ത്രി തന്നെ താക്കീതുമായി രംഗത്തെത്തിയതെന്നതും ശ്രദ്ധേയമാണ്.