തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ കാണാന്‍ അനുമതി തേടി. ബഫര്‍ സോണ്‍, വായ്‌പ പരിധി ഉയര്‍ത്തല്‍, കെ റെയില്‍ എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് പ്രധാനമന്ത്രിയെ കാണാന്‍ മുഖ്യമന്ത്രി സമയം തേടിയത്. ചീഫ് സെക്രട്ടറി വിപി ജോയിയും മുഖ്യമന്ത്രിയോടൊപ്പം പ്രധാനമന്ത്രിയെ കാണാന്‍ ഡല്‍ഹിയിലെത്തുമെന്നാണ് സൂചന.
രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ കാണാനും മുഖ്യമന്ത്രിയുടെ ഓഫിസ് അനുമതി തേടിയിട്ടുണ്ട്. ഡിസംബര്‍ 27, 28 തീയതികളില്‍ നടക്കുന്ന പോളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി തിങ്കളാഴ്ച ഉച്ചയോടുകൂടി ഡൽഹിയിൽ എത്തുന്നുണ്ട്. ഈ സമയത്താണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയത്. അതേസമയം പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്ന് കൂടിക്കാഴ്ചയ്ക്ക് ഇതുവരേയും അനുമതി നൽകിയിട്ടില്ല.
സെക്രട്ടേറിയറ്റിലേക്ക് പരാതി പ്രവാഹം: ബഫര്‍ സോണ്‍ സംബന്ധിച്ച ഇന്നലെ വൈകിട്ട് 7 വരെ വനംവകുപ്പിന് സെക്രട്ടേറിയറ്റിൽ 17,554 പരാതികളാണ് ലഭിച്ചത്. ഇതിൽ 15,054 എണ്ണവും ഇ–മെയിലുകൾ. ആകെ പരാതികളിൽ 3000 എണ്ണം തദ്ദേശ സ്ഥാപനങ്ങൾക്കു കൈമാറി. പരാതികൾ തരം തിരിക്കാൻ നിലവിൽ 6 ഉദ്യോഗസ്ഥരാണ് വകുപ്പിനുള്ളത്.
വനം വകുപ്പ് 2020–21 ൽ തയാറാക്കി വ്യാഴാഴ്ച പുറത്തുവിട്ട കരടു ഭൂപടത്തിന്മേൽ, വിട്ടുപോയ നിർമിതികൾ ചേർക്കാനും ജനങ്ങളുടെ പരാതികൾ കേൾക്കാനും അടുത്ത മാസം 7 വരെയാണു സമയം അനുവദിച്ചിരിക്കുന്നത്. പരാതികൾ തരംതിരിച്ച്, തദ്ദേശ സ്ഥാപനങ്ങൾക്കു കൈമാറുന്നതോടൊപ്പം നേരിട്ടു സ്ഥലപരിശോധന നടത്താനുമാണു സർക്കാർ തീരുമാനം. ഇതിനു കൂടുതൽ സമയം വേണമെന്ന് ഉദ്യോഗസ്ഥർക്ക് അഭിപ്രായമുണ്ട്.
പരിസ്ഥിതിലോല മേഖല വിഷയത്തിൽ പ്രതിപക്ഷവും കർഷക സംഘടനകളും പ്രതിഷേധം ശക്തമാക്കുന്നു. വനം വകുപ്പ് പ്രസിദ്ധീകരിച്ച കരടുഭൂപടത്തിന്മേൽ പരാതികളുടെ പ്രവാഹമാണ്. ചിലയിടങ്ങളിൽ പഞ്ചായത്ത് ഓഫിസുകളിലേക്കും വനം വകുപ്പ് ഓഫിസിലേക്കും മാർച്ച് നടന്നു. ക്രിസ്മസ് ദിനമായ ഇന്നും പലയിടങ്ങളിലും ശക്തമായ പ്രതിഷേധം ഉണ്ടായിരുന്നു.
പഞ്ചായത്ത് ഹെൽപ് ഡെസ്കുകൾ പലയിടത്തും പൂർണമായി പ്രവർത്തനം തുടങ്ങിയിട്ടില്ല. നാളെയും മറ്റന്നാളുമായി കൂടുതൽ എണ്ണം പ്രവർത്തനം ആരംഭിച്ചേക്കും. സർവേ നമ്പറുകൾ ലഭ്യമല്ലാത്തതിനാൽ ജനങ്ങൾ പരാതി നൽകാൻ മടിക്കുന്ന സാഹചര്യവുമുണ്ട്.
സുപ്രിംകോടതിയില്‍ സാവകാശം തേടും: പരിസ്ഥിതിലോല മേഖല (ബഫർസോൺ) വിഷയത്തിൽ സുപ്രീം കോടതിയുടെ നിർദേശ പ്രകാരം തയാറാക്കിയ ഉപഗ്രഹ സർവേ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാൻ കേരളം കൂടുതൽ സാവകാശം തേടും. കോടതിയിൽ ഇതിനായി പ്രത്യേക അപേക്ഷ നൽകാനാണ് ആലോചന. ഇക്കാര്യത്തിൽ സർക്കാർ സ്വീകരിച്ച നടപടികൾ നിർദിഷ്ട സമയത്തിനു മുൻപു പൂർത്തിയാക്കാൻ കഴിയുമോയെന്ന സംശയം ഉയർന്നതിനെത്തുടർന്നാണിത്.
അപൂർണവും അവ്യക്തവും തെറ്റുകൾ നിറഞ്ഞതുമായ ഉപഗ്രഹ സർവേ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചാൽ തിരിച്ചടിയുണ്ടാകുമോ എന്ന ആശങ്കയിലാണ് കോടതിയോടു കൂടുതൽ സമയം ആവശ്യപ്പെടുന്നത്. 3 മാസത്തിനകം ഉപഗ്രഹ സർവേ റിപ്പോർട്ട് നൽകണമെന്നായിരുന്നു ജൂൺ 3നുള്ള സുപ്രീം കോടതിയുടെ ഉത്തരവ്.
കഴിഞ്ഞ ദിവസം കേസ് സംബന്ധിച്ചു സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകർ അടക്കമുള്ളവരുമായി ചർച്ച നടത്തിയിരുന്നു. പരിസ്ഥിതി കേസുകൾ കൈകാര്യം ചെയ്യുന്ന സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകന്റെ സേവനം തേടുന്നതും സർക്കാർ പരിഗണിക്കുന്നുണ്ട്. ഇത്തരം ചിലരുമായുള്ള ആശയവിനിമയങ്ങളും ആരംഭിച്ചതായും സൂചനയുണ്ട്.
വന്യജീവി സങ്കേതങ്ങൾക്ക് ഒരു കിലോമീറ്റർ ചുറ്റളവിൽ വീടുകൾ അടക്കമുള്ള 49,000 കെട്ടിടങ്ങളുണ്ടെന്നാണ് ഉപഗ്രഹ സർവേയിൽ കണ്ടെത്തിയത്. എത്രത്തോളം കെട്ടിടങ്ങളുണ്ടെന്നു കണ്ടെത്താൻ സുപ്രീംകോടതി നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഉപഗ്രഹ സർവേ. എന്നാൽ, മരച്ചില്ലകൾ മറച്ചതും മറ്റു സാങ്കേതിക കാരണങ്ങളാൽ ഒഴിവാക്കപ്പെട്ടതുമായ 30,000 മുതൽ 35,000 കെട്ടിടങ്ങൾ വരെ ഉൾപ്പെടുത്താനുണ്ടാകുമെന്നാണു സർക്കാർ കണക്കുകൂട്ടൽ.