തിരുവനന്തപുരം: പാലാ ബിഷപ്പിന്‍റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹ്യ തിന്മകള്‍ക്ക് മതത്തിന്‍റെ നിറം നല്‍കുന്നതും തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക് നന്മയുടെ മുഖം നല്‍കുന്നതും സമൂഹത്തെ ഒരുപോലെ ദുര്‍ബലപ്പെടുത്തുമെന്ന് പിണറായി വിജയന്‍ പറഞ്ഞു. 'സ്വാതന്ത്ര്യം തന്നെ അമൃതം' ശതാബ്‌ദി ആഘോഷം ഉദ്ഘാടനം ചെയ്‌ത് നടത്തിയ പ്രസംഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പരോക്ഷ വിമര്‍ശനം.
തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക് നന്മയുടെ മുഖം നല്‍കുന്നതും സാമൂഹ്യ ഐക്യത്തെ ദുര്‍ബലപ്പെടുത്തും. സ്വാതന്ത്ര്യത്തിന്‍റെ പര്യായമായി വരെ അത്തരം പ്രസ്ഥാനങ്ങളിലെ ചിലര്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ട്. ഇത്തരം പ്രതിലോമകരമായ കാഴ്‌ചപ്പാടുകള്‍ നമ്മുടെ സ്വാതന്ത്ര്യത്തെ അപകടത്തിലാക്കും. ജാതിക്കും മതത്തിനും അതീതമായി ജീവിക്കാന്‍ പഠിപ്പിച്ച ഗുരുവിന്‍റെ ഓര്‍മ പുതുക്കുന്ന ഈ ദിവസത്തില്‍ ജാതിയും മതവും വിഭജനത്തിനുള്ള ആയുധമായി ഉപയോഗിക്കുന്നവരെ പ്രതിരോധിക്കും എന്ന പ്രതിജ്ഞയാണ് യഥാര്‍ത്ഥത്തില്‍ എടുക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
also read: ലൗ ജിഹാദിനെതിരെ സംസ്ഥാനത്ത് നിയമം കൊണ്ടുവരണം; ബിജെപി
സാമൂഹ്യ തിന്മകള്‍ക്ക് മതത്തിന്‍റെ നിറമുള്ള പ്രവണത ഉയര്‍ന്നുവരുന്നു. അതിനെ മുളയിലേ നുള്ളിക്കളയണം. സമൂഹത്തിന്‍റെ താത്പര്യത്തിന് വിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നവരെ ഏതെങ്കിലും ഒരു വിഭാഗത്തിന്‍റേത് മാത്രമായി ഒതുക്കരുത്. അങ്ങനെ ചെയ്യുന്നത് ആ തിന്മകള്‍ക്ക് എതിരായ പൊതു ഐക്യത്തെ ശാക്തീകരിക്കില്ലെന്നും സമൂഹത്തില്‍ വേര്‍തിരിവ് വര്‍ധിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.