തിരുവനന്തപുരം: ഗവര്‍ണറെയും കേന്ദ്രസര്‍ക്കാറിനെയും രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയ കുതിരക്കച്ചവടം സാധ്യമാകാത്ത സംസ്ഥാനങ്ങളില്‍ ഗവര്‍ണറെ ഉപയോഗിച്ച് അട്ടിമറിക്ക് ശ്രമം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറുകളെ അട്ടിമറിക്കുകയാണ്.
സര്‍ക്കാറുകളെ അട്ടിമറിക്കാന്‍ കുതിരക്കച്ചവടം നടത്തുകയാണ്. കുതിരക്കച്ചവടം എന്നത് പഴയ വാക്ക്. പുതിയ വാക്ക് കണ്ടെത്തണം. കാരണം വില വല്ലാതെ കൂടിയിരിക്കുന്നതായും മുഖ്യമന്ത്രി പരിഹസിച്ചു.
ഗവര്‍ണറെ ഉപയോഗിച്ച് ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുത്ത സര്‍ക്കാറിനെ തകര്‍ക്കാനാണ് ശ്രമം നടക്കുന്നത്. സര്‍ക്കാറിന്‍റെയും നിയമസഭയുടെയും അധികാരത്തില്‍ കൈകടത്താന്‍ ശ്രമിക്കുകയാണ്. ഭരണഘടനയ്ക്കും ജനാധിപത്യത്തിനും മേലുള്ള കടന്ന് കയറ്റമാണ് നടക്കുന്നത്.
സാമ്പത്തികമായി സംസ്ഥാന സര്‍ക്കാറിനെ ഞെരുക്കുകയാണ്. ഇത്തരം സംസ്ഥാനങ്ങളെ ഇകഴ്ത്തി കാട്ടാനാണ് ശ്രമം നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.