തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക് പ്രത്യേക സൗകര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ടെയ്‌ന്‍മെന്‍റ് സോണുകളിൽ നിന്നുള്ള വിദ്യാർഥികൾക്കും മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിയ വിദ്യാർഥികൾക്കും പരീക്ഷ എഴുതാൻ സൗകര്യം ഒരുക്കും. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന വിദ്യാർഥികള്‍ക്ക് 14 ദിവസം ക്വാറന്‍റൈന്‍ വേണം. അവർക്ക് പരീക്ഷക്ക് പ്രത്യേക സൗകര്യം ഒരുക്കും. കണ്ടൈയ്‌ന്‍മെന്‍റ് സോണുകളിലെ വിദ്യാർഥികൾക്ക് പ്രത്യേക ഇരിപ്പിടം ഒരുക്കും. നിരീക്ഷണത്തിലുള്ള വീടുകളിൽ നിന്നുള്ള വിദ്യാർഥികൾക്കും പരീക്ഷ എഴുതാൻ പ്രത്യേക സൗകര്യമൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പരീക്ഷകൾക്ക് മുൻപ് വിദ്യാർഥികളെ തെർമൽ സ്ക്രീനിങ്ങിന് വിധേയമാക്കും. ഇതിനായി പരീക്ഷ കേന്ദ്രങ്ങളിലേക്ക് 5000 ഐ.ആർ തെർമോ മീറ്ററുകൾ വാങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പരീക്ഷ നടത്തുമ്പോൾ അധ്യാപകർ ഗ്ലൗസ് ധരിക്കണം. ഉത്തരക്കടലാസുകൾ ഏഴ് ദിവസം പരീക്ഷ കേന്ദ്രങ്ങളിൽ സൂക്ഷിക്കും. എസ്.എസ്.എൽ.സി വിദ്യാർഥികൾക്കുള്ള മാസ്കുകൾ സർവ്വശിക്ഷ അഭിയാന്‍റെ നേതൃത്വത്തിൽ വീടുകളിൽ എത്തിക്കും. ഹയർ സെക്കന്‍ഡറി വിദ്യാർഥികൾക്ക് മാസ്കുകൾ എൻ.എസ്.എസിന്‍റെ നേതൃത്വത്തിലും വിതരണം ചെയ്യും. ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ച് പരീക്ഷ നടത്താനുള്ള നിർദേശങ്ങൾ പ്രധാന അധ്യാപകർക്കും വിദ്യാഭ്യാസ ഓഫീസർമാർക്കും നൽകിയിട്ടുണ്ട്.
ഗൾഫ്, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും ക്രമീകരണങ്ങള്‍ പൂർത്തിയായി. ഗൾഫിൽ പരീക്ഷ നടത്താൻ അനുമതി ലഭിച്ചു. ഏതെങ്കിലും വിദ്യാർത്ഥികൾക് പരീക്ഷ എഴുതാൻ സാധിച്ചില്ലെങ്കിൽ അവർ ആശങ്കപ്പെടേണ്ടതില്ല. അവർക്കായി സേ പരീക്ഷക്ക് ഒപ്പം റെഗുലർ പരീക്ഷകൾ നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.