തിരുവനന്തപുരം: യാത്രാക്കാരുടെ ആവശ്യപ്രകാരം എവിടെയും നിർത്തുകയും ആളെ കയറ്റുകയും ചെയ്യുന്ന കെ.എസ്.ആർ.ടി.സി ജനതാ സർവീസുകൾക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. എവിടെയും നിർത്തുന്ന ബസ് സർവീസ് പൊതുഗതാഗത രംഗത്ത് വലിയ പൊല്ലാപ്പുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനതാ സർവീസുകൾ വരുന്നതോടെ സ്വകാര്യ ബസുകൾക്കും തോന്നിയതു പോലെ ബസ് നിർത്തേണ്ട സാഹചര്യം ഉണ്ടാകുമെന്നും അതിനാൽ ഇക്കാര്യം ആലോചിച്ച് നടപ്പാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
വരുമാന വർദ്ധനവിനും യാത്രാക്കാരെ ആകർഷിക്കുന്നതിനും വേണ്ടിയാണ് കെ.എസ്.ആർ.ടി.സി അൺലിമിറ്റഡ് ഓർഡിനറി സർവീസുകളായ ജനത സർവീസുകൾ നടത്താൻ തീരുമാനിച്ചത്. കെ.എസ്.ആർ.ടി.സി കൊട്ടിഘോഷിച്ച് നടപ്പാക്കാനുദ്ദേശിച്ച ജനതാ സർവീസിൻ്റെ ലോഗോ പ്രകാശന വേളയിലാണ് സർവീസിനെതിരെ മുഖ്യമന്ത്രിയുടെ പരസ്യ വിമർശനമുണ്ടായത്. ചരക്ക് സേവനത്തിനുള്ള കെ.എസ്.ആർ.ടി.സിയുടെ ലോജിസ്റ്റിക്സ് സർവീസിൻ്റെ ലോഗോയും മൊബൈൽ റിസർവേഷൻ ആപ്ലിക്കേഷനായ 'എൻ്റെ കെ.എസ്.ആർ.ടി.സിയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു.