തിരുവനന്തപുരം : കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് (Karuvannur Cooperative Bank Scam) കേസിലടക്കമുള്ള ഇഡിയുടെ അന്വേഷണം (ED Investigation) ലോക്‌സഭ തെരഞ്ഞെടുപ്പ് (Loksabha Election) മുന്നില്‍ കണ്ടുള്ള നീക്കമാണെന്ന് മുഖ്യമന്ത്രി (Chief Minister) പിണറായി വിജയന്‍ (Pinarayi Vijayan). തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കരുവന്നൂരിന്‍റെ കാര്യത്തില്‍ കേരളത്തിലെ സഹകരണ മേഖലയെയാണ് ആദ്യം കാണേണ്ടത്. കേരളത്തിലെ സഹകരണ രംഗം (Cooperative Sector) വലിയ സംഭാവന നാടിന് ചെയ്യുന്ന പ്രസ്ഥാനമാണ്. വഴിവിട്ട രീതിയില്‍ സഞ്ചരിച്ചവര്‍ക്കെതിരെ നടപടി ഉണ്ടാകണമെന്നതില്‍ അഭിപ്രായ വ്യത്യാസമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 16,255 സഹകരണ സംഘങ്ങളില്‍ 98 ശതമാനവും കുറ്റമറ്റ രീതിയില്‍ നടക്കുന്നു. 1.4 ശതമാനത്തില്‍ താഴെയാണ് ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി (CM On Karuvannur Bank Scam).
ലക്ഷ്യം സഹകരണ മേഖല : സഹകരണ മേഖല കേരളത്തില്‍ മികച്ച രീതിയില്‍ തന്നെ പ്രവര്‍ത്തിക്കുന്നു. സഹകരണ മേഖലയെ തകര്‍ക്കാനുള്ള ലക്ഷ്യത്തോടെയുള്ള നടപടികള്‍ നേരത്തേ ആരംഭിച്ചിരുന്നു. നോട്ട് നിരോധന കാലത്ത് കള്ളപ്പണത്തിന്‍റെ കേന്ദ്രമാണ് സഹകരണ സംഘങ്ങള്‍ എന്ന് കുപ്രചരണം നടത്തി. സഹകരണ മേഖലയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള ആക്രമണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
കേരളത്തിന്‍റെ സാമ്പത്തിക മേഖലയുടെ നട്ടെല്ലാണ് സഹകരണ മേഖല. അത് വ്യക്തമായി അറിയുന്നവരാണ് ഇത് ചെയ്യുന്നത്. കരിവന്നൂരില്‍ തട്ടിപ്പ് നടന്നതായി പരാതി ലഭിച്ചത് മുതല്‍ അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ അതിനെ കണ്ടത്. തട്ടിപ്പില്‍ ആദ്യം അന്വേഷണം നടത്തിയത് കേന്ദ്ര ഏജന്‍സികളല്ലെന്നും അദ്ദേഹം പറഞ്ഞു.
ഇത് വേട്ടയാടല്‍ : 50 വര്‍ഷം മുന്‍പുള്ള നിയമം സഹകരണ മേഖലകളിലെ ക്രമക്കേടുകള്‍ തടയാന്‍ നാം പരിഷ്‌കരിച്ചു. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള വേട്ടയാടലാണ് ഏജന്‍സികള്‍ ലക്ഷ്യമിടുന്നത്. മറ്റ് പല സംസ്ഥാനങ്ങളിലും നടക്കുന്ന ബാങ്കിങ് ക്രമക്കേടുകളില്‍ പൂര്‍ണ നിസ്സംഗത പാലിക്കുന്ന കേന്ദ്ര ഏജന്‍സികള്‍ കേരളത്തില്‍ എത്തുമ്പോള്‍ വലിയ ഉത്സാഹം കാണിക്കുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
കൈകടത്തിയത് കേന്ദ്ര ഏജന്‍സികള്‍ : ആദ്യം പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും ക്രിയാത്മകമായ അന്വേഷണമാണ് നടത്തിയത്. സംഘത്തിന്‍റെ മുന്‍ സെക്രട്ടറിയടക്കം 26 പേരായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ പ്രതി ചേര്‍ക്കപ്പെട്ടത്. പ്രതികള്‍ക്കെതിരെ അഴിമതി നിരോധന നിയമത്തിലെ വകുപ്പുകള്‍ ഉള്‍പ്പടെ ചുമത്തിയായിരുന്നു കേസ് രജിസ്‌റ്റര്‍ ചെയ്‌തത്. 745 സാക്ഷികളില്‍ നിന്ന് വിവരം ശേഖരിച്ചുവെന്നും പ്രതികളുടെ സ്വത്തുവകകള്‍ കണ്ടുകെട്ടുന്നതിനുള്ള നടപടി സ്വീകരിച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ക്രൈംബ്രാഞ്ച് അന്വേഷണം തുടരുമ്പോഴാണ് ഇഡി രംഗപ്രവേശം ചെയ്യുന്നത്. അവര്‍ രേഖകളടക്കം പിടിച്ചെടുത്തു. തട്ടിപ്പ് നടത്തിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. നിക്ഷേപം നടത്തിയവര്‍ക്കുള്ള പുനരുധാരണ പാക്കേജ് നടപ്പാക്കി വരികയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.