തിരുവനന്തപുരം: ഇ-മൊബിലിറ്റി പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സിയില്‍ നിന്ന് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് കമ്പനിയെ മാറ്റിയതായി തനിക്കറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ കമ്പനിയുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും ഇപ്പോള്‍ അറിയിക്കാനില്ല. ഈ കമ്പനിക്ക് സെക്രട്ടേറിയറ്റില്‍ ഓഫീസ് സ്ഥാപിക്കാന്‍ നടപടിയെടുത്തു എന്ന ആരോപണവും മുഖ്യമന്ത്രി നിഷേധിച്ചു. ഏതെങ്കിലും ഉദ്യോഗസ്ഥര്‍ എന്തെങ്കിലും നിര്‍ദ്ദേശം സര്‍ക്കാരിനു നല്‍കിയിട്ടുണ്ടാകാം. ഉദ്യോഗസ്ഥര്‍ കുറിപ്പെഴുതിയാല്‍ തീരുമാനമാകുമോ. പലരും പല കുറിപ്പുകളും എഴുതും. പക്ഷേ സര്‍ക്കാര്‍ തലത്തില്‍ അത്തരം തീരുമാനമെടുത്തിട്ടില്ല. എം.ശിവശങ്കര്‍ പി.ഡബ്‌ള്യൂ.സിയുടെ ഇന്ത്യയിലെ മുഴുവന്‍ ഹോള്‍സെയില്‍ ഏജന്‍റായി പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്നറിയില്ല.
സര്‍ക്കാരിന്‍റെ പ്രതിച്ഛായ ഇടിക്കാന്‍ പലരും ശ്രമിക്കുന്നുണ്ട്. പക്ഷേ പ്രതിച്ഛായ ഇടിഞ്ഞോ എന്ന് കുറച്ചു സമയം കഴിഞ്ഞ് നോക്കാം. സ്വര്‍ണക്കടത്തിന്‍റെ പേരില്‍ സര്‍ക്കാരിനെതിരായ വികാരം വളര്‍ത്താന്‍ കഴിയുമോ എന്നാണ് പലരും ശ്രമിക്കുന്നത്. അതിന് പല മാര്‍ഗങ്ങളും അവര്‍ സ്വീകരിച്ചു. എന്നിട്ട് ഇപ്പോള്‍ എന്തായി. എന്തെങ്കിലും ഒരു പ്രചാരണം അഴിച്ചു വിട്ടതുകൊണ്ട് ആകെ കാര്യങ്ങള്‍ തകിടം മറിക്കാം എന്നു കരുതുന്നവരുണ്ടാകും. ഇത്തരം പുകമറകള്‍ക്ക് അൽപായുസേ ഉണ്ടാകൂ. ഉപ്പു തിന്നവര്‍ വെള്ളം കുടിക്കും. കെ.ടി.ജലീലിന്‍റെ കാര്യത്തില്‍ അദ്ദേഹം വിശദീകരിച്ചതിലധികമൊന്നും തനിക്ക് പറയാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.