തിരുവനന്തപുരം : കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നുമുതല്‍ സംഘടിപ്പിക്കുന്ന കേരളീയത്തിന്‍റെ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്നും 40 വേദികളിലായാണ് അരങ്ങേറുന്നതെന്നും ഇതിൽ അഞ്ച് വേദികളിലായി 140 ഓളം പ്രഭാഷകരുടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള 25 സെമിനാറുകൾ നടക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ(CM About Keraleeyam Program). കൂടാതെ 9 വേദികളിൽ ട്രേഡ് ഫെയറും, ആറ് വേദികളിലായി ഫ്ളവര്‍ ഷോയും നടക്കും. ലോകത്തെ പ്രഗത്ഭരും പ്രമുഖരുമായ ചിന്തകരെയും വിദഗ്ധരെയും ഉള്‍പ്പെടുത്തി വിവിധ മേഖലകളില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ അവതരിപ്പിക്കുന്നതോടൊപ്പം, ഭാവി കേരളത്തിനുള്ള മാര്‍ഗരേഖ തയാറാക്കാനുള്ള ലക്ഷ്യത്തോടെയാണ് സെമിനാറുകള്‍ സംഘടിപ്പിക്കുന്നത്.
വിവിധ തീമുകളിലായി ഒന്‍പത് എക്‌സിബിഷനുകളാണ് സംഘടിപ്പിക്കുന്നത്. പബ്ലിക് പോളിസി ആന്‍ഡ് പ്രോഗ്രസ്, വ്യവസായം, സംസ്‌കാരം, ഇന്നോവേഷന്‍ ആന്‍ഡ് ടാലന്‍റ്സ്, ജ്ഞാന സമ്പദ് വ്യവസ്ഥ തുടങ്ങിയ നിരവധി വിഷയങ്ങള്‍ എക്‌സിബിഷനുകളില്‍ അവതരിപ്പിക്കപ്പെടും. നാല് പ്രധാന വേദികള്‍, രണ്ട് നാടക വേദികള്‍, ഒരു ഗ്രൗണ്ട് വേദി, 11 ചെറിയ വേദികള്‍, 10 തെരുവ് വേദികള്‍ എന്നിവയാണ് കലാപരിപാടികള്‍ക്ക് മാത്രമായി ഒരുക്കുന്നത്. ക്ലാസിക്കല്‍ കലകള്‍, അനുഷ്‌ഠാന കലകള്‍, നാടന്‍ കലകള്‍, ഗോത്ര കലകള്‍, ആയോധന കലകള്‍, ജനകീയ കലകള്‍, മലയാള ഭാഷാസാഹിത്യം, മലയാളസിനിമാ സംബന്ധമായ കലാരൂപങ്ങള്‍ തുടങ്ങിയ തീമുകളിലാണ് കലാവിരുന്ന്.
പ്രൊഫഷണല്‍ നാടകങ്ങള്‍ക്കും കുട്ടികളുടെ നാടകങ്ങള്‍ക്കുമായി വേദികള്‍ ഒരുങ്ങും. പ്രത്യേക തീം അടിസ്ഥാനമാക്കിയുള്ള ദീപാലങ്കാരമാവും ഇത്തവണത്തെ മറ്റൊരു പ്രധാന ആകര്‍ഷണം. പ്രധാനപ്പെട്ട വേദികളില്‍ എല്‍ഇഡി ഇന്‍സ്റ്റലേഷനും ഉണ്ടാകും. തട്ടുകട ഭക്ഷണം മുതല്‍ പഞ്ചനക്ഷത്ര ഭക്ഷണം വരെ വ്യത്യസ്‌തമായ വിഭവങ്ങള്‍ അടിസ്ഥാനമാക്കിയുള്ള 11 മേളകള്‍ സംഘടിപ്പിക്കും. കേരളത്തിലെ തനത് വിഭവങ്ങള്‍ അണിനിരത്തിയുള്ള ബ്രാന്‍ഡഡ് ഫുഡ് ഫെസ്റ്റിവല്‍ ആണ് മേളയിലെ മറ്റൊരു ആകര്‍ഷണം.
കേരളീയത്തിന്‍റെ ഭാഗമായി ഒരു ഓണ്‍ലൈന്‍ മെഗാ ക്വിസ് മത്സരവും സംഘടിപ്പിക്കുന്നുണ്ട്. അറിവിന്‍റെ ആഗോള സംഗമം എന്ന നിലയില്‍ വിദേശ മലയാളികളടക്കം പങ്കാളികളാകുന്ന മത്സരം ഒക്ടോബര്‍ 19 വൈകുന്നേരം 7.30നാണ്. keraleeyam.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഇതിനായി രജിസ്റ്റര്‍ ചെയ്യാം.
പ്രായവ്യത്യാസമില്ലാതെ എല്ലാവര്‍ക്കും മൊബൈല്‍ ഫോണിലൂടെ മത്സരത്തില്‍ പങ്കെടുക്കാം. വിജയികള്‍ക്ക് ആകര്‍ഷമായ സമ്മാനങ്ങളും മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റും ലഭിക്കും. എല്ലാവരും ഇതില്‍ പങ്കെടുക്കണമെന്നഭ്യര്‍ത്ഥിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സെമിനാറിൽ
വിയറ്റ്നാം മുന്‍ കൃഷി ഗ്രാമ വികസന മന്ത്രി കാവോ ഡുക് ഫാറ്റ്, ടെറി സീനിയര്‍ ഫെല്ലോ ഡോ. കെ സി ബന്‍സല്‍, ലോക ബാങ്ക് സീനിയര്‍ എക്കണോമിസ്റ്റ് ക്രിസ് ജാക്‌സണ്‍, പ്രശസ്‌ത കൃഷി ശാസ്ത്രജ്ഞന്‍ പ്രൊഫ.കടമ്പോട്ട് സിദ്ദിഖ്, പ്രശസ്‌ത ആന്ത്രോപോളജിസ്റ്റ് പ്രൊഫ. റിച്ചാര്‍ഡ് ഫ്രാങ്കി, അമുല്‍ മുന്‍ മാനേജിംഗ് ഡയറക്ടര്‍ ആര്‍എസ് സോധി, കൊല്‍ക്കത്തയിലെ ശ്രുതി ഡിസെബിലിറ്റി റൈറ്റ്സ് സെന്‍റര്‍ സ്ഥാപക ശംപ സെന്‍ഗുപ്‌ത, മാനസിക വൈകല്യമുള്ളവര്‍ക്കായി പ്രവര്‍ത്തിക്കുന്ന 'ദി ബന്യന്‍' എന്ന സംഘടനയുടെ സ്ഥാപക വന്ദന ഗോപകുമാര്‍,
കൊളംബിയ സര്‍വകലാശാലയിലെ ഗ്ലെന്‍ ഡെമിങ്, ഇന്‍റര്‍നാഷണല്‍ ഫുഡ് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ സൗത്ത് ഏഷ്യ ഓഫിസിലെ സാമ്പത്തിക വിദഗ്ധ കല്യാണി രഘുനാഥന്‍, മുന്‍ ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷ സായിദ ഹമീദ് എന്നീ പ്രമുഖരാണ് പങ്കെടുക്കുക.
ഇടുക്കി ജില്ല ഇനി സ്‌മാർട്ടാകും : കേരളത്തിലെ ഏക ഗോത്ര വര്‍ഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയ്ക്കായി പട്ടിക വര്‍ഗ വികസന വകുപ്പ് അനുവദിച്ച 4.31 കോടി രൂപ ഉപയോഗിച്ച്, ബിഎസ്എന്‍എല്‍ ഫോര്‍ ജി (4ജി) ടവര്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയെന്നും ജില്ലയിൽ ഗതാഗതം, ആരോഗ്യം, വിദ്യാഭ്യാസം, വാര്‍ത്താവിനിമയ സൗകര്യം തുടങ്ങിയവ ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ വലിയ പ്രാധാന്യം നൽകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
24 കുടികളിലായി 106 ചതുരശ്ര കിലോമീറ്റര്‍ വനത്തിനുള്ളില്‍ മുതുവാന്‍ വിഭാഗക്കാരായ 806 കുടുംബങ്ങളാണ് ഇടമലക്കുടിയിലുള്ളത്. ഇവർക്കായി പെട്ടിമുടി മുതല്‍ സൊസൈറ്റിക്കുടി വരെ 12.5 കിലോമീറ്റര്‍ ദൂരം വനത്തിലൂടെ റോഡ് നിർമാണം നടക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൂടാതെ ഇടമലക്കുടി പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യകേന്ദ്രമായി ഉയര്‍ത്തി ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഉടുമ്പന്‍ചോല ആയുര്‍വേദ മെഡിക്കല്‍ കോളജിന് 10 കോടി രൂപ അനുവദിച്ചു. ഇടുക്കി വികസന പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചിട്ടുള്ളത്. ഈ വിദ്യാഭ്യാസ വര്‍ഷം ഇടമലക്കുടി ട്രൈബല്‍ എല്‍പി സ്‌കൂള്‍ യുപി സ്‌കൂൾ ആയി ഉയര്‍ത്താന്‍ കഴിഞ്ഞു. കൊച്ചിന്‍ റിഫൈനറീസിന്‍റെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ചുള്ള പുതിയ സ്‌കൂൾ കെട്ടിടങ്ങളുടെ നിര്‍മ്മാണവും അന്തിമ ഘട്ടത്തിലാണ്.
ഇടുക്കി ജില്ലയിലെ സുഗന്ധവ്യഞ്ജന കൃഷിക്കും മൂല്യവര്‍ദ്ധിത ഉത്പന്ന വ്യവസായത്തിനും വലിയ കുതിപ്പ് നല്‍കുവാന്‍ മുട്ടത്തെ തുടങ്ങനാട്ടില്‍ കിന്‍ഫ്ര സ്പൈസസ് പാര്‍ക്ക് ഉദ്ഘാടനം വരുന്ന ശനിയാഴ്‌ച (14-10-2023) നിര്‍വഹിക്കുകയാണ്. 15 ഏക്കര്‍ സ്ഥലത്ത് 20 കോടി മുടക്കിയാണ് ആദ്യഘട്ട നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. ശേഷിക്കുന്ന 21 ഏക്കര്‍ സ്ഥലത്ത് നിര്‍മ്മാണത്തിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.