തിരുവനന്തപുരം: ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ബ്രസീൽ എന്നിവിടങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്ന കൊവിഡ് വകഭേദങ്ങൾക്കെതിരെ ഇന്ത്യൻ നിർമിത കൊവിഡ് വാക്‌സിൻ ഫലപ്രദമാകുമെന്ന് ഐ.സി.എം.ആർ ഡയറക്‌ടർ ജനറൽ ഡോ.ബൽറാം ഭാർഗവ. ക്ലിനിക്കൽ പരീക്ഷണങ്ങൾ ഇതാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരള സർക്കാർ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സംഘടിപ്പിച്ച "കേരള ആരോഗ്യം: എസ്‌ഡിജി യാഥാർത്ഥ്യമാക്കുക" എന്ന അന്താരാഷ്ട്ര വെബിനറിനെ അഭിസംബോധന ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇംഗ്ലണ്ടിൽ സ്ഥിരീകരിച്ച കൊവിഡ് വകഭേദം നിർവീര്യമാക്കുന്നതിൽ കൊവാക്‌സിന്‍റെ സാധ്യതയെ കുറിച്ചുള്ള ഒരു പ്രബന്ധം പ്രസിദ്ധീകരണത്തിനായി സ്വീകരിക്കുകയും ചെയ്തു. ദക്ഷിണാഫ്രിക്കയിൽ നിന്നും ബ്രസീലിൽ നിന്നുമുള്ള യാത്രക്കാരിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിൽ നിന്ന് പരീക്ഷണങ്ങൾ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു. കൊവിഡിനെ ഇല്ലാതാക്കാൻ വാക്‌സിൻ ഉൾപ്പെടെ നിർമിച്ച ലോകത്തിലെ അഞ്ചാമത്തെ രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.