തിരുവനന്തപുരം: ഒന്നിച്ചു പഠിച്ച് സിവിൽ സർവീസ് റാങ്ക് പട്ടികയിൽ ഇടം നേടിയതിന്‍റെ സന്തോഷത്തിലാണ് അഖിൽ വി മേനോനും ശ്രീകുമാര്‍ രവീന്ദ്രകുമാറും. തൃശ്ശൂര്‍ ഇരിങ്ങാലക്കുട സ്വദേശിയായ അഖിൽ 66 -ാം റാങ്കും കോഴിക്കോട് സ്വദേശിയായ ശ്രീകുമാര്‍ 192 -ാം റാങ്കുമാണ് നേടിയിരിക്കുന്നത്. ഡൽഹിയിൽ സിവിൽ സർവീസ് പരിശീലനം നേടണമെന്ന് ആഗ്രഹിച്ചിരുന്ന ഇരുവരും തലസ്ഥാനത്തെ പഠന സാധ്യതകൾ ഉപയോഗപ്പെടുത്തി ഇവിടെ തുടരുകയായിരുന്നു.
അഭിഭാഷകനായ അഖിൽ നിലവിൽ കെഎഎസ് ആറാം റാങ്കുകാരനാണ്. റാങ്ക് മെച്ചപ്പെടുത്താനുള്ള ശ്രമത്തിൽ വീണ്ടും പരീക്ഷ എഴുതാനുള്ള തീരുമാനത്തിലാണ് ശ്രീകുമാർ. ചിട്ടയോടെയുള്ള പഠനമാണ് പട്ടികയിലേക്ക് തങ്ങളെ എത്തിച്ചതെന്ന് ശ്രീകുമാർ പറഞ്ഞു. അഖിൽ യാത്രയിലായതിനാൽ ഇരുവരുടെയും വിജയത്തിന്‍റെ സന്തോഷം പങ്കുവെക്കുകയായിരുന്നു ശ്രീകുമാർ.