തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ സംയുക്ത സമരത്തിൽ നിലപാടിലുറച്ച് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സിഎഎയ്‌ക്കെതിരെ സംസ്ഥാന നിയമസഭ പാസാക്കിയ പ്രമേയത്തിന് ഒരു സന്ദേശത്തിൽ കവിഞ്ഞ് ഒന്നും ചെയ്യാനില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു. ഒരു സന്ദേശമെന്ന നിലയ്ക്കാണ് രമേശ് ചെന്നിത്തല സംയുക്ത സമരത്തിൽ പങ്കെടുത്തതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.
സിഎഎക്കെതിരായ സംയുക്ത സമരത്തിൽ മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും തമ്മിലുള്ള അഭിപ്രായ ഭിന്നത നിലനിൽക്കെയാണ് മുല്ലപ്പള്ളി നിലപാട് ആവർത്തിച്ചത്. നിലപാടുകളിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനായ മനു അഭിഷേക് സിംഗ്‌വിയുമായി വിഷയത്തെക്കുറിച്ച് സംസാരിച്ചിരുന്നു. നിയമസഭ പ്രമേയത്തിന് ഒരു സന്ദേശത്തിനപ്പുറം ഒന്നു ചെയ്യാനാകില്ലെന്നാണ് അദ്ദേഹവും വ്യക്തമാക്കിയതെന്നും മുല്ലപ്പള്ളി പറഞ്ഞു. പ്രമേയം പാസാക്കിയതിനെ കുറിച്ച് മുഖ്യമന്ത്രി മേനിപറയുകയാണ്. ദേശീയ പത്രങ്ങളിൽ നിയമസഭയിലെ പ്രമേയത്തെക്കുറിച്ച് കോടികൾ മുടക്കിയാണ് പരസ്യം നൽകിയിരിക്കുന്നത്. ഇത് മുഖ്യമന്ത്രിയുടെ രാഷ്ട്രീയ പ്രേരിതമായ കാപട്യമാണ് വ്യക്തമാക്കുന്നത്. സിപിഎമ്മുമായി കൈകോർത്ത് മുന്നോട്ടു പോയാൽ സിപിഎമ്മിന്‍റെ കത്തിയ്ക്കിരയായ കോൺഗ്രസ് പ്രവർത്തകരുടെ ആത്മാവ് പൊറുക്കില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.