തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിവിധ സംഘടനകൾ സംസ്ഥാനത്ത് ചൊവ്വാഴ്ച ആഹ്വാനം ചെയ്ത ഹർത്താൽ നിയമ വിരുദ്ധമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്റ. ഹർത്താൽ നടത്തുന്നതിന് ഏഴ് ദിവസം മുമ്പ് നോട്ടീസ് നൽകണമെന്ന ഹൈക്കോടതി നിർദേശം പാലിക്കാതെയാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഹർത്താൽ മൂലം ഉണ്ടാകുന്ന നാശനഷ്‌ടങ്ങൾക്കും അതിനു പിന്നിലുള്ള സംഘടനകൾക്കെതിരെ നിയമ നടപടി ഉണ്ടാകും. നിർബന്ധിച്ച് കടകൾ അടപ്പിക്കുകയോ വാഹനങ്ങൾ തടയുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഡി.ജി.പി അറിയിച്ചു.
എസ്.ഡി.പി.ഐ, വെൽഫെയർ പാർട്ടി, കേരള മുസ്ലീം യുവജന ഫെഡറേഷൻ തുടങ്ങി മുപ്പതോളം സംഘടനകളാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഹർത്താലിനില്ലെന്ന് സമസ്തയും മുസ്ലിം ലീഗും കാന്തപുരം അബൂബക്കർ മുസ്ലിയാരും അറിയിച്ചിരിന്നു.