തിരുവനന്തപുരം : കുട്ടികളുടെ വേനലവധി നഷ്‌ടപ്പെടുത്തി യു എസ് എസ്, എൽ എസ് എസ് പരീക്ഷകൾക്ക് ക്ലാസ് ഏർപ്പെടുത്തുന്നത് നിരോധിക്കണമെന്നും പരീക്ഷകൾക്കായുള്ള സ്വകാര്യ ട്യൂഷൻ സെന്‍ററുകളിലെ പ്രത്യേക പരിശീലനം നിർത്തലാക്കണമെന്നും ബാലാവകാശ കമ്മിഷൻ. കൂടാതെ രാവിലെ മുതൽ വൈകുന്നേരം വരെ വിദ്യാർഥികൾക്ക് കുടിവെള്ളവും ഭക്ഷണവും ലഭ്യമാക്കിക്കൊണ്ട് വേണം എൽ എസ് എസ്, യു എസ് എസ് പരീക്ഷകൾ നടത്താനെന്നും കമ്മിഷൻ ഉത്തരവിട്ടു. കുട്ടികളെ സ്‌കൂളുകളിൽ വേർതിരിച്ചിരുത്തി ക്ലാസ് നടത്തുന്നതും അവധി ദിവസങ്ങളിൽ അടക്കം പ്രത്യേക പരിശീലനം നൽകുന്നതും നിർത്തലാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
വിവേചനവും സമ്മർദവും പാടില്ല : വിദ്യാർഥികളിൽ അനാവശ്യ മത്സരബുദ്ധി, സമ്മർദം, വിവേചനം എന്നിവ സൃഷ്‌ടിക്കുന്ന തരത്തിൽ നടത്തുന്ന പരീക്ഷകളിൽ മാറ്റം വരുത്താനും സ്‌കൂളുകളിൽ പ്രദർശിപ്പിക്കുന്ന ഫ്ലക്‌സ് ബോർഡുകളും പരസ്യങ്ങളും ഒഴിവാക്കാനും പൊതു വിദ്യാഭ്യാസ ഡയറക്‌ടർക്ക് കമ്മിഷൻ നിർദേശം നൽകി. എല്ലാവർഷവും ഫെബ്രുവരി അവസാനം ആണ് എൽ എസ് എസ്, യു എസ് എസ് പരീക്ഷകൾ നടക്കാറുള്ളത്. എന്നാൽ ഇപ്രാവശ്യം ഏപ്രിൽ 26നാണ് പരീക്ഷ.
അധിക ക്ലാസുകളെന്ന് പരാതി : പരീക്ഷയുമായി ബന്ധപ്പെട്ട് എല്ലാ ദിവസവും രാവിലെ 8:30 മുതൽ 10 വരെയും വൈകിട്ട് 5:45 വരെയും പ്രത്യേക ക്ലാസുകൾ നടത്തുന്നുണ്ടെന്നും അവധി ദിവസങ്ങളിൽ വരെ വിദ്യാർഥികൾക്ക് ക്ലാസ് സംഘടിപ്പിക്കുന്നുണ്ടെന്നും ഉള്ള പരാതി പരിഗണിച്ചാണ് കമ്മിഷൻ ഉത്തരവ്. ഭാഷ, പരിസര പഠനം, ഗണിതം എന്നീ വിഷയങ്ങളാണ് എൽ എസ് എസ് പരീക്ഷയ്‌ക്ക് ഉണ്ടാവുക. പാഠഭാഗങ്ങളിലെ വിവരങ്ങൾക്കപ്പുറം പൊതുകാര്യങ്ങളെ കുറിച്ചും മത്സരാർഥികൾ പരീക്ഷയ്‌ക്ക് നന്നായി ഗ്രഹിക്കണം.
ഗ്രേഡ് നില : പഠനപ്രവർത്തനത്തിനിടെ വിദ്യാർഥികൾ തയ്യാറാക്കുന്ന ഉത്‌പന്നങ്ങൾ ശേഖരിച്ച് പോർട്ട്‌ഫോളിയോവും മൂല്യനിർണയത്തിന് വിധേയമാക്കും. 70 ശതമാനത്തിന് മുകളിൽ എ ഗ്രേഡ്, 50 ശതമാനത്തിന് മുകളിൽ ബി ഗ്രേഡ്, 50 ശതമാനത്തിൽ താഴെ സി ഗ്രേഡ് എന്നിങ്ങനെയാണ് ഉണ്ടാവുക. എൽ പി, യു പി ക്ലാസുകളിലെ കുട്ടികളുടെ പഠന നേട്ടങ്ങൾ പ്രകടിപ്പിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഏറ്റവും പ്രധാന പരീക്ഷയാണ് എൽ എസ് എസ്, യു എസ് എസ് എന്നിവ.
സർ, മാഡം വിളികൾ വേണ്ട : ജനുവരിയിൽ സ്‌കൂളുകളിൽ അധ്യാപകരെ സർ, മാഡം എന്ന് വേർതിരിച്ച് വിളിക്കുന്നത് ഒഴിവാക്കണമെന്നും പകരം ടീച്ചർ എന്ന ഒറ്റ പ്രയോഗം മതിയെന്നും ബാലാവകാശ കമ്മിഷൻ ഉത്തരവിട്ടിരുന്നു. ലിംഗ വ്യത്യാസങ്ങള്‍ ഒഴിവാക്കുന്നതിന് ഇത് സഹായിക്കുമെന്നും വിദ്യാർഥികൾക്ക് അധ്യാപകരെ അഭിസംബോധന ചെയ്യുന്നതിന് ഏറ്റവും മികച്ച വാക്ക് ടീച്ചർ എന്നാണെന്നും ബാലാവകാശ കമ്മിഷന്‍ വ്യക്തമാക്കിയിരുന്നു.