തിരുവനന്തപുരം : ആവശ്യമുള്ളപ്പോൾ മാധ്യമങ്ങളെ കാണുന്നതിന് തനിക്ക് പ്രശ്‌നമൊന്നുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ (Chief Minister's Explanation On Not Meeting Media). എന്തുകൊണ്ടാണ് മാധ്യമങ്ങളെ കാണാതെ ഇത്രനാള്‍ മാറി നിന്നതെന്ന ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. അല്‍പം ദേഷ്യത്തോടെ ചോദ്യത്തെ നേരിട്ട മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നതിന് തനിക്കൊരു മടിയുമില്ലെന്നും ആവശ്യമുള്ളപ്പോഴൊക്കെ കാണാറുണ്ടെന്നുമാണ് തിരിച്ചടിച്ചത് .
എല്ലാ ദിവസവും മാധ്യമങ്ങളെ കാണുന്ന ശീലം തനിക്കില്ല. ശബ്ദത്തിനുള്ള ചില പ്രയാസങ്ങളും കാണാതിരിക്കാൻ കാരണമായി. മാധ്യമങ്ങള്‍ക്ക് അതൊന്നും പ്രശ്‌നമല്ലെന്നും അവരെ കാണുന്നുണ്ടോ എന്നതുമാത്രമാണ് വിഷയമെന്നും 7 മാസത്തെ ഇടവേളയ്ക്കുശേഷം ഇന്നുനടന്ന വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി ദേഷ്യത്തോടെ തുറന്നടിച്ചു.
"മാധ്യമങ്ങളെ കാണാത്തതിൽ അസ്വാഭാവികതയില്ല. മാധ്യമങ്ങളെ വേണ്ടെന്ന് വച്ചാല്‍ പിന്നെ ഇപ്പോള്‍ വരുമോ ? എന്തെങ്കിലും ആവശ്യം വന്നാൽ അപ്പോൾ മാധ്യമങ്ങൾക്ക് മുന്നിൽ വരും. എന്‍റെ ശബ്ദത്തിന് ചില പ്രശ്നങ്ങളെല്ലാം ഉണ്ടായി. അതും മാധ്യമങ്ങൾക്ക് മുന്നിൽ വരാത്തതിന് കാരണമാണ്. എന്നെങ്കിലും മാധ്യമങ്ങളുടെ ചോദ്യങ്ങളെ ഞാൻ ഭയപ്പെട്ടിട്ടുണ്ടോ? "- മുഖ്യമന്ത്രി ചോദിച്ചു.
2022 മെയ് 20ന് മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികത്തിന്‍റെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തിനുശേഷം 16 മാസം പിന്നിടുന്നതിനിടെ വെറും ഏഴുതവണ മാത്രമാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടത്. 2022 മെയ് 20ന് മന്ത്രിസഭയുടെ ഒന്നാം വാര്‍ഷിക തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം നടത്തി. സര്‍ക്കാര്‍ വിജയകരമായി രണ്ടാം വര്‍ഷത്തിലേക്ക് കടക്കുകയാണെന്നും പ്രകടന പത്രികയിലെ വാഗ്ദാനങ്ങളെ കുറിച്ചും അന്നദ്ദേഹം വിശദീകരിച്ചു.
ഇതിനുശേഷം രണ്ടുമാസവും 6 ദിവസവും പിന്നിടുന്ന ജൂലൈ 26നായിരുന്നു മുഖ്യമന്ത്രിയുടെ അടുത്ത വാര്‍ത്താസമ്മേളനം. അന്ന് സംസ്ഥാനത്തിന്‍റെ വ്യാവസായിക വളര്‍ച്ച സംബന്ധിച്ച പദ്ധതികളും വ്യാവസായിക മേഖലയില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന നിക്ഷേപ പദ്ധതികളും വിശദീകരിക്കാനായിരുന്നു വാര്‍ത്താസമ്മേളനം. എന്നാല്‍ ഒരാഴ്ച പിന്നിടും മുന്‍പ് ഓഗസ്റ്റ് 1ന് മുഖ്യമന്ത്രി വീണ്ടും വാര്‍ത്താസമ്മേളനം വിളിച്ച് സംസ്ഥാനത്തെ കാലവര്‍ഷക്കെടുതികള്‍ സംബന്ധിച്ചും, ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ചും മറ്റും വിശദീകരിച്ചു.
സെപ്റ്റംബര്‍ 21 നായിരുന്നു മുഖ്യമന്ത്രിയുടെ അടുത്ത വാര്‍ത്താസമ്മേളനം. സര്‍വകലാശാലാ ഭരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് മുറുകുന്നതിനിടെ രാജ്ഭവനില്‍ ഗവര്‍ണര്‍ വാര്‍ത്താസമ്മേളനം വിളിച്ചതിനെ വിമര്‍ശിച്ച് കൊണ്ടായിരുന്നു ഇത്.
അതിനുശേഷം ഒക്ടോബര്‍ 18ന് പാലക്കാട് കെഎസ്ഇബി ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രി വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ അമേരിക്കയിലെ ലോക കേരള സഭാസമ്മേളനവും തന്‍റെ നേതൃത്വത്തിലുള്ള സംഘത്തിന്‍റെ യുകെ, യൂറോപ്യന്‍ സമ്മേളനങ്ങളുടെ വിജയവും സംബന്ധിച്ചാണ് സംസാരിച്ചത്. ഇതിനുശേഷം 2022 ല്‍ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനങ്ങളൊന്നും നടത്തിയില്ല.
2023 ഫെബ്രുവരി 9 നായിരുന്നു ഈ വര്‍ഷത്തെ ആദ്യ വാര്‍ത്താസമ്മേളനം. പെട്രോളിനും ഡീസലിനും 2 രൂപ സെസ് ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭാസമ്മേളനം ബഹിഷ്‌കരിച്ചതിനെ വിമര്‍ശിച്ച് കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ അവസാന വാര്‍ത്താസമ്മേളനം. അതിനുശേഷം 7 മാസം പിന്നിടുമ്പോഴാണ് ഇന്നത്തെ വാര്‍ത്താസമ്മേളനം. ഇതിനിടെ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളും ആക്ഷേപങ്ങളുമുയര്‍ന്നിട്ടും അതിനൊന്നും മറുപടി പറയാനോ മാധ്യമങ്ങളെ കാണാനോ മുഖ്യമന്ത്രി തയ്യാറായിരുന്നില്ല. അങ്ങനെ 7 മാസം പിന്നിടുന്നതിനിടെയാണ് അവിചാരിതമായി ഇന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം വിളിക്കുന്നത്.
കഴിഞ്ഞ 16 മാസത്തിനിടെ മുഖ്യമന്ത്രി നടത്തിയ 7 വര്‍ത്താസമ്മേളനങ്ങള്‍
- 2022 മെയ് 20- മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികാഘോഷങ്ങള്‍ വിശദീകരിച്ചുകൊണ്ട്.
- 2022 ജൂലൈ 26- സംസ്ഥാനത്തിന്‍റെ വ്യവസായ വളര്‍ച്ചയും നിക്ഷേപങ്ങളും സംബന്ധിച്ച്.
- 2022 ഓഗസ്റ്റ് 1- കാലവര്‍ഷക്കെടുതി, മഴ മുന്നറിയിപ്പ്.
- 2022 സെപ്റ്റംബര്‍ 21-രാജ്ഭവനില്‍ ഗവര്‍ണര്‍ വാര്‍ത്താസമ്മേളനം വിളിച്ചതിനെ വിമര്‍ശിച്ചുകൊണ്ട്.
- 2022 ഒക്ടോബര്‍ 18 - മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ വിദേശ പര്യടനത്തിന്‍റെ നേട്ടങ്ങള്‍ വിശദീകരിച്ചുകൊണ്ട്.
- 2023 ഫെബ്രുവരി 9 - പെട്രോള്‍-ഡീസല്‍ സെസ് ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചതിനെ വിമര്‍ശിച്ചുകൊണ്ട്.
- 2023 സെപ്റ്റംബര്‍ 19 - നിപ പ്രതിരോധം, ഭൂപതിവ് ചട്ടങ്ങള്‍.