തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് തെളിയണമെന്ന് ബിജെപി കേന്ദ്ര നേതൃത്വത്തിനും കേന്ദ്ര സർക്കാരിനും താൽപര്യമുണ്ടെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കെപിസിസി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഇല്ലെങ്കിൽ ബിജെപിയും സിപിഎമ്മും തമ്മിൽ ധാരണയുണ്ടെന്ന് പറയേണ്ടി വരും. ആത്മാർഥതയുണ്ടങ്കിൽ വി. മുരളീധരൻ പ്രധാനമന്ത്രിയെ കണ്ട് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാൻ ആവശ്യപ്പെടണം. അല്ലാത്തപക്ഷം ഞായറാഴ്‌ച മുരളീധരൻ നടത്തിയത് രാഷ്ട്രീയ നാടകമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍റെ രാജിയാവശ്യപ്പെട്ട് യുഡിഎഫ് നടത്തുന്ന 'സ്‌പീക് അപ് കേരള' പ്രതിഷേധത്തില്‍ മുല്ലപ്പള്ളി പറഞ്ഞു.
ദേശവിരുദ്ധ ശക്തികളാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഭരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടാണ് സ്വർണക്കടത്ത് നടന്നത്. ഭീകരവാദ പ്രസ്ഥാനങ്ങൾക്കുള്ള ബന്ധം അന്വേഷിക്കണം. ശിവശങ്കറിനെതിരെയുള്ള വിജിലൻസ് അന്വേഷണം കൊണ്ട് ഒന്നും സംഭവിക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.