തിരുവനന്തപുരം: വിദേശ പര്യടനത്തിന് ശേഷം മുഖ്യമന്ത്രിയും സംഘവും സംസ്ഥാനത്ത് തിരിച്ചെത്തി. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് മുഖ്യമന്ത്രിയും സംഘവും തിരിച്ചെത്തിയത്. ഭാര്യ കമല, ചെറുമകന്‍ ഇഷാന്‍ എന്നിവര്‍ക്കൊപ്പം എമിറേറ്റ്‌സിന്‍റെ തിരുവനന്തപുരം വിമാനത്തിലായിരുന്നു തിരിച്ചെത്തിയത്.
ധനമന്ത്രി കെഎന്‍ ബാലഗോപാല്‍, സ്‌പീക്കര്‍ എഎന്‍ ഷംസീര്‍, ചീഫ് സെക്രട്ടറി വിപി ജോയ് എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ദുബായിയില്‍ നിന്നുമാണ് മുഖ്യമന്ത്രിയും സംഘവും 12 ദിവസത്തെ വിദേശ പര്യടനം പൂര്‍ത്തിയാക്കി തിരിച്ചെത്തിയത്. ഈ മാസം എട്ടിന് പുറപ്പെട്ട മുഖ്യമന്ത്രിയും സംഘവും യുഎസ്, ക്യുബ, ദുബായ് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചാണ് മടങ്ങിയത്. യുഎസിലെ ന്യൂയോര്‍ക്കില്‍ ലോക കേരള സഭയുടെ മേഖല സമ്മേളനത്തിലും തുടര്‍ന്ന് ടൈംസ് സ്‌ക്വയറില്‍ നടന്ന പൊതുസമ്മേളനത്തിലും അദ്ദേഹം പങ്കെടുത്തിരുന്നു.
ലോകബാങ്ക് പ്രതിനിധികളുമായും മുഖ്യമന്ത്രിയും സംഘവും കൂടിക്കാഴ്‌ച നടത്തി. അമേരിക്കയിലെ യുഎന്‍ ആസ്ഥാനത്തും മുഖ്യമന്ത്രിയും സംഘവും സന്ദര്‍ശനം നടത്തിയിരുന്നു. ഇതിന് ശേഷം ക്യുബയിലെത്തിയ സംഘം ക്യുബന്‍ പ്രസിഡന്‍റ് മിഗ്വയേൽ ഡയസ്-കാനൽ ഉള്‍പ്പെടെയുള്ളവരുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു.
ഏറ്റവും ഒടുവില്‍ ദുബായിയില്‍ നടന്ന കേരള സ്റ്റാര്‍ട്ടപ് മിഷന്‍റെ സ്റ്റാര്‍ട്ടപ് ഇന്‍ഫിനിറ്റി സെന്‍ററിന്‍റെ ഉദ്ഘാടനത്തിലാണ് മുഖ്യമന്ത്രി പങ്കെടുത്തത്. മൂന്ന് ദിവസമായിരുന്നു മുഖ്യമന്ത്രിയും സംഘവും ദുബായിയിലുണ്ടായിരുന്നത്. ജൂണ്‍ 18 ന് ഔദ്യോഗിക പരിപാടികള്‍ പൂര്‍ത്തിയാക്കിയിരുന്നു. ഇന്ന് മുഖ്യമന്ത്രി മറ്റ് ഔദ്യോഗിക പരിപാടികളിലൊന്നും പങ്കെടുക്കുന്നില്ല.
വിവാദത്തിൽ മുങ്ങി സർക്കാർ; അതേ സമയം വിവാദങ്ങളാല്‍ കലുഷിതമായ രാഷ്ട്രീയ സാഹചര്യത്തിലാണ് തന്‍റെ വിദേശ പര്യടനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രിയും സംഘവും തിരിച്ചെത്തിയിരിക്കുന്നത്. എസ്‌എഫ്‌ഐയില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ അടക്കമുള്ള വിവാദങ്ങളും കേസുകളും നിലനിൽക്കുകയാണ്. കൂടാതെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ അടുത്ത കാലത്ത് സര്‍ക്കാരിന്‍റെയും പൊലീസിന്‍റെയും ഭാഗത്ത് നിന്നുണ്ടായ നടപടികളിലും ആക്ഷേപങ്ങള്‍ ശക്തമാവുകയാണ്.
കൂടാതെ മോന്‍സണ്‍ മാവുങ്കല്‍ ശിക്ഷിക്കപ്പെട്ട പോക്‌സോ കേസില്‍ കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെതിരെ ആരോപണമുന്നയിച്ച എംവി ഗോവിന്ദന്‍റെ പരാമര്‍ശവും ചര്‍ച്ചാ വിഷയമായി ഉയര്‍ന്നിരിക്കുകയാണ്. മോന്‍സണ്‍ മാവുങ്കല്‍ ശിക്ഷിക്കപ്പെട്ട പോക്‌സോ കേസില്‍ പെണ്‍കുട്ടിക്കെതിരെ ആക്രമണം നടന്നത് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍റെ അറിവോടെയെന്നായിരുന്നു ദേശാഭിമാനി പത്രത്തിലെ വാര്‍ത്തയെ ഉദ്ധരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ആരോപിച്ചത്.
എന്നാല്‍ ആരോപണം അടിസ്ഥാന രഹിതമാണെന്നും എംവി ഗോവിന്ദനെ കൊണ്ടു മറുപടി പറയിക്കുമെന്നായിരുന്നു സുധാകരന്‍റെ പ്രതികരണം. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പരാമര്‍ശത്തിനെതിരെ നിയമപരമായി നീങ്ങുമെന്നും കെ സുധാകരന്‍ വ്യക്‌തമാക്കിയിരുന്നു.