തിരുവനന്തപുരം: കോവളം- ബേക്കൽ ദേശീയ ജലപാതയുടെ ആദ്യ ഘട്ടം പൂർത്തിയായി. വേളി മുതൽ തൃശൂർ കോട്ടപ്പുറം വരെയുള്ള പാതയാണ് തുറന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ പാതയുടെ ഉദ്ഘാടനം നിർവഹിച്ചു. തിരുവനന്തപുരം വേളി ടൂറിസ്റ്റ് വില്ലേജിൽ നിന്നും ബോട്ടിൽ യാത്ര ചെയ്‌തായിരുന്നു ഉദ്ഘാടനം.
520 കിലോമീറ്ററാണ് ജലപാതയുടെ നീളം. 280 കോടി രൂപയാണ് ആദ്യഘട്ടത്തിന്‍റെ ചെലവ്. ഉൾനാടൻ ജലഗതാഗത വകുപ്പും സിയാലിന്‍റെ നേതൃത്വത്തിൽ രൂപീകരിച്ച കേരള വാട്ടർവേയ്‌സ് ആൻഡ് ഇൻഫ്ര സ്ട്രക്‌ചറും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. സോളർ ബോട്ടുകളാണ് ആദ്യ ഘട്ടത്തിൽ സർവീസ് നടത്തുന്നത്. 24 സീറ്റുകളുള്ള ബോട്ടിൽ രണ്ട് സീറ്റുകൾ ശീതികരിച്ചവയാണ്.
വർക്കലയിലെ തുരങ്കങ്ങളുടെ ആഴം കൂട്ടലും മറ്റ് പ്രവർത്തനങ്ങളും അവസാന ഘട്ടത്തിലാണ്. ഇത് കൂടി പൂർത്തിയായാൽ ജലപാതയിലൂടെയുള്ള യാത്ര സുഗമമാകും. ജലപാതയുടെ കോവളം മുതൽ വള്ളക്കടവ് വരെയും തൃശൂർ ചാവക്കാട് മുതൽ പൊന്നാനി വരെയും വടകര മുതൽ ബേക്കൽ വരെയുള്ള നവീകരണമാണ് ഇനി പൂർത്തിയാകാനുള്ളത്.